ആറ്റിങ്ങൽ: അഭിഭാഷകരെ മർദ്ദിച്ച സംഭവത്തിൽ ആറ്റിങ്ങൽ സി.ഐ, പാറവുകാരൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് സമീപത്ത് കൂടി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ കണ്ണങ്കരകോണം മഞ്ഞവിള വീട്ടിൽ അനന്തു (21) വാണ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. പ്രകടനത്തിന് പിറകേ വന്ന വനിത അഭിഭാഷകരെ അസഭ്യം വിളിച്ചെന്ന് കാട്ടി അഭിഭാഷകരും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. അഭിഭാഷകർ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്നുമുതൽ ആരംഭിക്കുന്ന റിലേ സത്യഗ്രഹത്തിന്റെ മുന്നോടിയായി നഗരം ചുറ്റി നടത്തിയ പ്രകടനമാണ് കൈയേറ്റത്തിൽ കലാശിച്ചത്. മർദ്ദനമേറ്റെന്ന് പരാതി നൽകിയ അനന്തു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.