ശിവഗിരി : മധുരയിലെ ശിവാനന്ദ സരസ്വതി മഠാധിപന്മാർ ശിവഗിരി മഠം സന്ദർശിച്ചു. ശ്രീരാമകൃഷ്ണ തപോവനം തിരുപ്പറത്തും സ്വാമി പരമാനന്ദ, ശിവാനന്ദ ആശ്രമത്തിലെ സ്വാമി ശിവാനന്ദസുന്ദരാനന്ദ, ശിവാനന്ദ തപോവനത്തിലെ സ്വാമി രാമാനന്ദ എന്നിവരും ശ്രീരാമകൃഷ്ണപരമ്പരയിൽപ്പെട്ട ത്രിച്ചി ചിത്ഭവാനന്ദ സ്വാമിയുടെ ശിഷ്യന്മാരും ഒപ്പമുണ്ടായിരുന്നു.
സ്വാമിമാർ ശാരദാമഠം, വൈദിക മഠം, മഹാസമാധി പീഠം എന്നിവിടങ്ങളിൽ ദർശനം നടത്തി. പിന്നാലെ അതിഥി മന്ദിരത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണം നടത്തി. സ്വാമിമാർ ഉപചാരപൂർവ്വം ഉപഹാരങ്ങളും കാവി വസ്ത്രങ്ങളും ദക്ഷിണയും സമർപ്പിച്ചു. തങ്ങളുടെ ഗുരുവായ ഋഷികേശിലെ ശിവാനന്ദ സരസ്വതി സ്വാമികൾ ശ്രീനാരായണഗുരുദേവന്റെ മാർഗത്തിൽ സഞ്ചരിച്ച മഹാത്മാവാണെന്ന് മഠാധിപന്മാർ അറിയിച്ചു. ശിവഗിരി മഹാസമാധി പീഠം സന്ദർശിക്കണമെന്നത് തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നുവെന്നും പറഞ്ഞു. സ്വാമിമാർക്കൊപ്പം ശ്രീരാമകൃഷ്ണ പരമ്പരയിൽപ്പെട്ട ത്രിച്ചി ചിത്ഭവാനന്ദ സ്വാമിയുടെ ശിഷ്യന്മാരും ബ്രഹ്മചാരിയും ഉണ്ടായിരുന്നു. ശിവഗിരി മഠത്തിലെ സന്യാസിമാരെ ശിവാനന്ദ മഠത്തിലേക്ക് ക്ഷണിച്ച ശേഷമാണ് സന്യാസിമാർ മടങ്ങിയത്.
ഫോട്ടോ: ശിവാനന്ദ സരസ്വതി മഠം മഠാധിപന്മാർ ശിവിഗിരി മഠം സന്ദർശിച്ചപ്പോൾ സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഹംസതീർത്ഥ എന്നിവർ സമീപം