തിരുവനന്തപുരം: നഗരസഭയിലെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരെ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള പ്രചാരണ യാത്രകൾക്ക് ഇന്നലെ തുടക്കമായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നഗരസഭാ ഓഫീസിന് മുന്നിൽ ജാഥകൾ ഉദ്ഘാടനം ചെയ്തു. ഭരണ നേതൃത്വത്തിന്റെ പരിചയക്കുറവും സി.പിഎമ്മിന്റെ അഴിമതി രാഷ്ടീയവും ജനജീവിതം നരകതുല്യമാക്കി മാറ്റിയിരിക്കുകയാണെന്ന് രാജേഷ് പറഞ്ഞു. വാർഡുകളിലാവശ്യമായ എൽ.ഇ.ഡി ലൈറ്റുകൾ ലഭ്യമാക്കാത്തതിനാൽ രാത്രിയിൽ കോർപ്പറേഷൻ റോഡുകൾ ഇരുട്ടിലാകുന്നു, തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു. മാലിന്യ പ്രശ്നത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും പരിഹാരമായില്ല. സ്മാർട്ട് സിറ്റിയുടെ പേരിൽ കഴിഞ്ഞ ഒരുവർഷമായി നഗരത്തിലെ റോഡുകൾ തകർത്തിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പ്രമേയം അവതരിപ്പിക്കാൻ തയ്യാറായപ്പോൾ ഭരണസമിതി അനുമതി നിഷേധിച്ചത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാനാണ്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ജാഥയ്ക്കു ശേഷം സമരം ശക്തമാക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു. കൗൺസിൽ പാർട്ടി നേതാവ് എം.ആർ. ഗോപൻ നയിക്കുന്ന ജാഥ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലും, ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറിയും ചെമ്പഴന്തി വാർഡ് കൗൺസിലറുമായിട്ടുള്ള ചെമ്പഴന്തി ഉദയൻ നയിക്കുന്ന ജാഥ നേമം നിയോജക മണ്ഡലത്തിലും, ജില്ലാ ജനറൽ സെക്രട്ടറിയും പി.ടി.പി വാർഡ് കൗൺസിലറുമായ വി.ജി. ഗിരികുമാർ നയിക്കുന്ന ജാഥ തിരുവനന്തപുരം, കോവളം നിയോജക മണ്ഡലങ്ങളിലും, ജില്ലാ വൈസ് പ്രസിഡന്റും തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ നയിക്കുന്ന ജാഥ കഴക്കൂട്ടം നിയോജക മണ്ഡലത്തിലും പര്യടനങ്ങൾ നടത്തും. അതേസമയം നഗരസഭയിലെ അഴിമതികൾ പുറത്തു കൊണ്ടുവന്ന കൗൺസിലർമാരായ കരമന അജിത്തിനെയും പി.കെ. അശോക് കുമാറിനെയും ജാഥാ ക്യാപ്ടന്മാരാക്കാത്തതിൽ പാർട്ടിക്കുള്ളിൽ ചോദ്യവും ഉയരുന്നുണ്ട്.