1

വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യബന്ധന സീസൺ എത്തുന്ന ഒരുക്കങ്ങളുടെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞം ഒഴികെയുള്ള മറ്റ് മത്സ്യബന്ധന തീരത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമ്പോൾ പൊഴിയൂർ വള്ളവിള മുതൽ വലിയതുറ വരെയുള്ള തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഇനി വിഴിഞ്ഞത്ത് എത്തും. ഇതിനു മുന്നോടിയായി വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. നിലവിൽ തീരത്ത് മത്സ്യലഭ്യത വളരെ കുറവാണ്. കാലവർഷം എത്തുന്നതോടു കൂടി തീരത്ത് ചാകരയെത്തും. സീസണിന്റെയും മറ്റും ഒരുക്കം വിലയിരുത്താൻ 6ന് അവലോകന യോഗം ചേരും. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെയും എത്തിക്കും. മണ്ണെണ്ണ വില വർദ്ധന മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്. സീസണുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഫിഷറീസ് വകുപ്പിന് കീഴിൽ മറൈൻ എൻഫോഴ്സ്‌മെന്റ് നേതൃത്വത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ഫോൺ: 0471- 2480335. വിഴിഞ്ഞത്തുള്ള മറൈൻ ആംബുലൻസ് കൂടാതെ രണ്ടു വാടക ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കും. നോമാൻസ് ലാൻഡിൽ ബാരിക്കേഡ് സ്ഥാപിക്കും. ഹാർബർ ബെയ്സിനുള്ളിൽ വള്ളങ്ങൾക്ക് വഴി കാട്ടിയായി ബോയകൾ സ്ഥാപിക്കും. തീരത്ത് കൂടുതൽ വെളിച്ചം സജ്ജീകരിക്കും. കൂടാതെ സുരക്ഷാ ഡ്യൂട്ടിക്കായി എത്തുന്ന പൊലീസുകാർക്കായി പിക്കറ്റ് പോസ്റ്റുകൾ എല്ലാം നേരത്തെ തന്നെ ഓലകെട്ടി മേഞ്ഞതായി ഹാർബർ എൻജിനിയറിംഗ് അധികൃതർ പറഞ്ഞു.