
പാലോട്: കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡുകൾ ഉൾപ്പെടെ തകർന്നിട്ടും യാതൊരു നടപടിയും എടുക്കാതെ അധികാരികൾ. നന്ദിയോട് പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം തകർന്ന് തരിപ്പണമായി. റോഡുകളിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുടവനാട്, ആനക്കുഴി, പാലുവള്ളി റോഡിൽ പേരുപോലെ തന്നെ ആനക്കുഴികളാണ്. കാൽനടക്കാർക്ക് പോലും ഈ കുഴികളിലൂടെയേ നടന്നുപോകാൻ കഴിയൂ. ഇതേ റോഡിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ സ്കൂൾ, ആരാധനാലയങ്ങൾ, മീൻമുട്ടി ടൂറിസം കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്താൻ പറ്റൂ. സ്കൂൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ കാര്യമാണ് ഏറെ പ്രതിസന്ധിയിലായത്.
താന്നിമൂട്ടിൽ നിന്നും പേരയത്തേക്കുള്ള റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ആറുമാസം പോലും കഴിഞ്ഞിട്ടില്ല. പുതിയ റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങി. നന്ദിയോട് - പാലുവള്ളി റോഡും തകർന്നു. മീൻമുട്ടി ടൂറിസം കേന്ദ്രത്തിലെത്താനുള്ള വഴിയും ഇതു തന്നെയാണ്.
ബലക്ഷയത്തിൽ കടുവാപ്പാറ പാലം
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കടുവാപ്പാറ പാലം ഭാഗികമായി തകർന്നു. ഏറെ പഴക്കമുള്ള ഈ പാലത്തിന് ബലക്ഷയമുണ്ട്. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ പാലത്തിന് തകർച്ചയുണ്ടായതിനെ തുടർന്ന് ഈ ഭാഗം ഒറ്റപ്പെട്ട നിലയിലാണ്. കടുവപ്പാറ പാലം തകർന്നിട്ട് ആറു മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഇതോടുകൂടി ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളും സർവീസുകൾ അവസാനിപ്പിച്ചു. വെഞ്ഞാറമൂട് പാലോട് മേഖലകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി.
പരിഹാരമാകും...
ചെല്ലഞ്ചി നന്ദിയോട് റോഡിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ കടുവാപ്പാറ പാലത്തിനായി വീണ്ടും പണം അനുവദിക്കാനാവില്ലെന്നും നിലവിലെ റോഡ് നിർമ്മാണത്തോടനുബന്ധിച്ച് പാലത്തിനും ശാശ്വത പരിഹാരമാകുമെന്നുമാണ് അധികാരികൾ അറിയിക്കുന്നത്. എന്നാൽ നിലവിലെ പാലം പൊളിക്കാതെ തന്നെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്താൽ നിലവിലെ സാഹചര്യത്തിൽ നിന്നും ചെറിയ മാറ്റം വരുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ ഇടപെടൽ ഉണ്ടായാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.