തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം നമ്പർ കോടതിയിലാണ് തമ്പാനൂർ പൊലീസ് കുറ്റപത്രം നൽകിയത്.
മാർച്ച് ആറിന് തമ്പാനൂരിലെ ഹോട്ടൽമുറിയിൽ വീരണകാവ് സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ പ്രവീണാണ് പ്രതി. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഗായത്രി സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടതാണ് പ്രവീണിനെ പ്രകോപിപ്പിച്ചത്. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീൺ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഗായത്രിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തശേഷം രക്ഷപ്പെട്ട പ്രവീണിനെ കൊല്ലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
വിവാഹിതനായ പ്രവീൺ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ചശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും തയ്യാറായില്ല. ഗായത്രിയുടെ നിർബന്ധ പ്രകാരമാണ് പ്രവീൺ താലിചാർത്തിയത്. പ്രവീണിന്റെ രഹസ്യബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജുവലറി ജീവനക്കാരനായ ഇയാളെ തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റി. താനും ഒപ്പം വരുന്നെന്ന് ഗായത്രി നിർബന്ധം പിടിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഫോർട്ട് അസി. കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 62 സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊണ്ടിമുതലടക്കം 100 രേഖകളും കുറ്റപത്രത്തിനൊപ്പം നൽകി.