വിതുര: കാട്ടാനകളുടെ താണ്ഡവം മൂലം ജനജീവിതം ദുരിതപൂർണമാകുന്നതായി പരാതി. വിതുര പഞ്ചായത്തിലെ മരുതാമല, മണിതൂക്കി വാർഡുകളിൽ അധിവസിക്കുന്നവരാണ് കാട്ടാനശല്യത്താൽ വലയുന്നത്. വനമേഖലയോട് ചേർന്നുകിടക്കുന്ന ഈ വാർഡുകളിൽ സന്ധ്യമയങ്ങിയാൽ കാട്ടാനകളുടെ വിളയാട്ടമാണ്. കൂട്ടമായെത്തുന്ന ആനകൾ കൃഷികൾ മുഴുവൻ നശിപ്പിക്കും, തെങ്ങും, കമുകും റബറും വരെ മറിച്ചിടും. ആനശല്യം മൂലം രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടാന മൂലം ജനങ്ങൾക്കുണ്ടായത്. മരുതാമല, മണിതൂക്കി വാർഡുകളിൽ കൃഷി അന്യമാകുന്നതായാണ് പരാതി.
ബാങ്ക് ലോണെടുത്തും, പലിശക്കെടുത്തും കൃഷി നടത്തിയ കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ആനശല്യം മൂലം ഉണ്ടായിരിക്കുന്നത്. വനംവകുപ്പിന് അനവധി തവണ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നിരവധി പ്രാവശ്യം സമരങ്ങളും നടത്തിയിട്ടുണ്ട്.
ആദിവാസി മേഖലകളിലും
നെടുമങ്ങാട് താലൂക്കിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്നത് വിതുര പഞ്ചായത്തിലാണ്. കാട്ടാനകളുടെ ആക്രമണത്തിൽ അനവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലാണ്. കാട്ടുമൃഗശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ആദിവാസി സംഘടനകൾ.
രണ്ട് മരണം
കാട്ടാനകളുടെ ആക്രമണത്തെ തുടർന്ന് മരുതാമല, ജഴ്സിഫാം മേഖലകളിലായി രണ്ട് പേർ മരിച്ചിരുന്നു. കാട്ടാനകളുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാത്തൻകോട് ചെമ്മാംകാല മേഖലയിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട ആദിവാസി വിദ്യാർത്ഥികളെ വരെ കാട്ടാനകൾ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആനശല്യം രൂക്ഷമായതോടെ ആദിവാസി വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്.
കാട്ടുപോത്തും
മണിതൂക്കി വാർഡിൽ കാട്ടുപോത്തുകളുടെ ശല്യവും രൂക്ഷമാണ്.പകൽസമയത്ത് വരെ കാട്ടുപോത്ത് നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുകയാണ്. മൂന്നാംനമ്പർ മാതളത്ത് കാട്ടുപോത്ത് ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ കാട്ടുപന്നികളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. മേഖലയിൽ കൃഷി വ്യാപകമായി നശിപ്പിച്ചതുമൂലം കർഷകർ കടക്കെണിയിലാണ്.