
വക്കം: നിലയ്ക്കാമുക്ക് ജംഗ്ഷനിൽ മുൻ എം. എൽ. എ. യുടെ 2017-18 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. മണനാക്ക് - മീരാൻ കടവ് റോഡ് വികസനത്തിന്റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപം കലിങ്ക് നിർമ്മാണം നടത്തിയിരുന്നു. നിർമ്മാണം ശേഷം ആ ഭാഗം മണ്ണിട്ട് ഉയർത്തി. മഴക്കാലത്ത് നിലയ്ക്കാമുക്ക് ചന്തയുടെ ഭാഗത്തുനിന്ന് എതിർവശത്തെ ഓടയ്ക്കായി നിർമ്മിച്ച കുഴി നിറഞ്ഞ് പുറേത്തേയ്ക്ക് ഒഴുകിവരുന്ന വെള്ളം കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുള്ള ഓടയിലാണ് ഒഴുകിയെത്തുന്നത്. ശക്തമായ ഒഴുക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടിസ്ഥാനത്തിന്റെ മണ്ണ് ഒഴുകിപ്പോയി. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് റോഡ് വികസനത്തിന്റെ പേരിൽ ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപകടവസ്ഥയിൽ ഇരിക്കുന്ന ഭാഗം അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തിയില്ലെങ്കിൽ വൻ അപകടം തന്നെ സംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു.