ജൂലായ് മദ്ധ്യത്തിൽ ലണ്ടനിൽ ചിത്രീകരണം പുനരാരംഭിക്കും

mohanlal

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാം ജൂലായ് മദ്ധ്യത്തിൽ ലണ്ടനിൽ പുനരാരംഭിക്കും. റാമിന്റെ വിദേശ ലൊക്കേഷനിലെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലൊക്കേഷൻ ഹണ്ടിംഗിനായി ജീത്തു ജോസഫും സംഘവും ലണ്ടനിലാണ്. ഹോളിവുഡ് ശൈലിയിലെ ആക‌്‌ഷൻ ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. ദൃശ്യം 2ന് മുമ്പ് തന്നെ ചിത്രീകരണം പൂർത്തിയാകേണ്ട ചിത്രം കൂടിയായിരുന്നു റാം. അതേസമയം ബറോസിന്റെ ചിത്രീകരണം ജൂൺ മദ്ധ്യത്തിൽ പോർച്ചുഗലിൽ പുനരാരംഭിക്കും. ഒരു ഗാനരംഗവും ഏതാനും സീനുകളും മാത്രമേ അവശേഷിക്കുന്നുള്ളൂ. ബറോസ് പൂർത്തിയായശേഷം റാമിൽ ജോയിൻ ചെയ്യാനാണ് മോഹൻലാലിന്റെ തീരുമാനം. ദൃശ്യം, ദൃശ്യം 2, ട്വൽത്ത്‌മാൻ എന്നീ സിനിമകൾക്കുശേഷം മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

കൊവിഡ് വ്യാപനം മൂലം റാമിന്റെ വിദേശ ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ലണ്ടനു പുറമെ കെയ്‌റോയിലും ചിത്രീകരിക്കുന്നുണ്ട്. ജീത്തു ജോസഫ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സിദ്ദിഖ്, ദുർഗ കൃഷ്ണ , അഞ്ജലി നായർ, സുമൻ, ലിയോണ ലിഷോയ്, ജി. സുരേഷ്‌

കുമാർ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശാന്തിപ്രിയ, ഹിമശങ്കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഭിഷേക് ഫിലിംസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ രമേഷ് പി. പിള്ള, സുധൻ എസ്. പിള്ള, ഗണേഷ് എം. പിള്ള എന്നിവർ ചേർന്നാണ് നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.