കിളിമാനൂർ: തെരുവ് നായ്ക്കളുടെയും പേപ്പട്ടിയുടെയും ഭീതിയിൽ ജനങ്ങൾ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇരുപതോളം പേർക്കും, നിരവധി വളർത്തുമൃഗങ്ങൾക്കുമാണ് തെരുവുനായയുടെ കടിയേറ്റത്. കിളിമാനൂർ, പുതിയകാവ്, മേലെ പുതിയകാവ്, പഞ്ചായത്ത് ബസ് സ്റ്റാൻഡ് ടൗൺ ഹാൾ മേഖലകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് തെരുവ് നായയുടെ കടിയേറ്റത്. മേലെ പുതിയകാവ് ഷംനാസ്, പുതിയകാവ് നാളികേര വ്യാപാരി ഷാജഹാൻ, മേലെ പുതിയകാവ് വിക്രമൻ, സീമ, രഞ്ചിത്ത് എന്നിവരടക്കം വിവിധ ആശുപത്രികളിൽ ചികിത്സതേടി. ബുധനാഴ്ച രാവിലെയാണ് നായ്ക്കളുടെ അക്രമണം ഉണ്ടായത്. സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് റോഡിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉണ്ടായിരുന്നു. കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടെന്ന് പ്രചരിച്ചതോടെ ജനം ഭീതിയിലായി. നൂറോളം തെരുവ് നായ്ക്കളാണ് പ്രദേശത്ത് അലഞ്ഞു നടക്കുന്നത് .റോഡിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം കൂടുന്നതാണ് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.