parssala-panchayath

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന വാതിൽപ്പടി സേവനങ്ങൾ നടപ്പിലാക്കുന്നതിനായി വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിൽ സി.പി.എം ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാരോപിച്ച് കോൺഗ്രസ്‌ അംഗങ്ങൾ പഞ്ചായത്ത് ഉപരോധിച്ചു. ഉപരോധസമരം രാത്രിയിലും തുടർന്നു. വാർഡുകളിലെ വോളന്റിയർമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം കോൺഗ്രസ്‌ അംഗങ്ങൾക്ക് മാത്രമായി നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് കമ്മിറ്റിയെ തുടർന്ന് നടന്ന ഉപരോധത്തിന് കോൺഗ്രസ്‌ മെമ്പർമാരായ എം. സെയ്ദലി,​ ലെൽവിൻ ജോയ്, വിനയനാഥ്‌, നിർമ്മലകുമാരി, മഹിളകുമാരി, സുധാമണി, ഫ്രിജ, താര എന്നിവർ നേതൃത്വം നൽകി. മുൻപ് നടന്ന മൂന്ന് ജനറൽ കമ്മിറ്റികളിലും അംഗങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനം എടുക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഈ കമ്മിറ്റിയിലും പരിഹാരമായില്ല. തുടർന്നാണ് ഉപരോധം നടന്നത്.

മുൻ എം.എൽ.എ എ.ടി. ജോർജ്, ആർ. വത്സലൻ, കൊല്ലിയോട് സത്യനേശൻ, കൊറ്റാമം വിനോദ്, പവതിയാൻവിള സുരേന്ദ്രൻ, സുരേഷ് കുമാർ എന്നിവരടങ്ങുന്ന കോൺഗ്രസ്‌ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

സമരം കാരണം രാത്രി 10 മണിയായിട്ടും പഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ കഴിയാത്തത് കാരണം നെയ്യാറ്റിൻകര ഡിവൈ.എസ്.പി എത്തി പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അടുത്ത കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിൻമേൽ കോൺഗ്രസ് അംഗങ്ങൾ സമരം അവസാനിപ്പിക്കുകയായിരുന്നു. രാത്രി 10.30നാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്.