
കിളിമാനൂർ:സ്കൂൾ സമയങ്ങളിൽ സ്‌കൂളിന് സമീപത്ത് കൂടി പാറയുമായി ഓടിയ ടിപ്പർ ലോറികളും ടോറസുകളും നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 8.30 മുതൽ 10 മണി വരെ അടയമൺ പ്രദേശത്തുകൂടി ഓടിയ ടോറസുകളെയാണ് നാട്ടുകാരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും ചേർന്ന് തടഞ്ഞത്. പത്തോളം വാഹനങ്ങളാണ് തടഞ്ഞത്. നിയമങ്ങൾ കാറ്റിപ്പറത്തി അനുവദനീയമായതിലും ഇരട്ടി പാറയുമായി ലോറികൾ വിദ്യാർത്ഥികൾ സ്കൂളിലെത്തുന്ന സമയം ചീറിപ്പായുന്നത് നിത്യ സംഭവമാണ്.ഗ്രാമീണ റോഡിലൂടെ ടോറസ് ലോറികൾ ലോഡുമായി പോകാൻ പാടില്ല എന്ന നിയമമുള്ളപ്പോഴാണ് ഇവ നിയമം ലംഘിക്കുന്നത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും പ്രയോജനമൊന്നുമില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എൽ.പി സ്കൂളിലും യു.പി സ്കൂളിലുമായി ഇവിടെ നൂറോളം കുട്ടികളാണ് എത്തുന്നത്.ഇവർ എത്തുന്ന സമയത്താണ് ഈ നിയമ ലംഘനം.