വർക്കല: വെട്ടൂർ പഞ്ചായത്തിലെ വിളബ്ഭാഗത്ത് മേൽമൂടിയില്ലാത്ത ഓട അപകടഭീഷണിയാകുന്നതായി പരാതി.

വർക്കല - കടയ്ക്കാവൂർ റോഡിൽ ഷാപ്പുമുക്ക് മുതൽ വിളബ്ഭാഗം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഓടയ്ക്കാണ് മിക്കഭാഗത്തും മേൽമൂടിയില്ലാത്തത്. തിരക്കേറിയ റോഡിനോട് തൊട്ടുചേർന്നാണ് ആഴമുള്ള ഓടയുള്ളത്. ഈ ഭാഗത്ത് റോഡിന് വീതി വളരെ കുറവാണ്. വാഹനങ്ങൾക്ക് കടന്നുപോകാനായി കാൽനടയാത്രക്കാർ ഒഴിയുമ്പോൾ ഓടയിൽ വീണ് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.

കടകൾക്കും വീടുകൾക്ക് മുന്നിലുമുള്ള ഓടയ്ക്ക് മാത്രമാണ് മേൽമൂടിയുള്ളത്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾ കടന്നുപോകാൻ മാത്രം ഇടമുള്ള റോഡിൽ വാഹനാപകടങ്ങളും പതിവാണ്. ഓടയ്ക്ക് മുകളിൽ മേൽ മൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.