
തിരുവനന്തപുരം:സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 63-ാമത് സ്ഥാപക ദിനാഘോഷത്തിന്റെയും സി.എസ്.ഐ സഭയുടെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി ബൈക്ക് റാലിയും കലാജാഥയും ദീപശിഖാ റാലിയും ആരംഭിച്ചു. മഹായിടവകയുടെ 650 പള്ളികളിലും ബൈക്ക് റാലികൾ എത്തുന്നതിന്റെ ഉദ്ഘാടനം സി.എസ്.ഐ മോഡറേറ്റർ എ.ധർമ്മരാജ് റസാലം നിർവഹിച്ചിരുന്നു. കാഞ്ഞിരംകുളത്തെ നെല്ലിക്കുഴി, സിട്ടാരം, തിരുപ്പുറം ഡിസ്ട്രിക്ടുകളിലായാണ് ബൈക്ക് റാലിയും കലാജാഥയുമൊക്കെ നടന്നത്. ഇന്ന് കാഞ്ഞിരംകുളത്തെ കൊടിയന്നൂർക്കോണം, ചാണി, പരനിയം പ്രദേശങ്ങളിലാണ് റാലി നടക്കുക. 23 ദിവസം കൊണ്ട് 70 ഡിസ്ട്രിക്ട് സെന്ററുകളിലെയും 650 പള്ളികളിൽ ബൈക്ക്- കലാ- ദീപശിഖാ റാലികൾ പൂർത്തിയാക്കും. 9 ഏരിയകളിലെ 7 ഡിസ്ട്രിക്ട് സെന്ററുകളിലും ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകും. സെപ്തംബർ 27നാണ് ആഘോഷം സമാപിക്കുക.
സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ സ്ഥാപക ദിനാഘോഷവും സി.എസ്.ഐ സഭയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും എൽ.എം.എസ് കോമ്പൗണ്ടിലുള്ള എം.എം. സി.എസ്.ഐ കത്തീഡ്രലിൽ സി.എസ്.ഐ മോഡറേറ്റർ മോസ്റ്റ് എ.ധർമ്മരാജ് റസാലം നിർവഹിച്ചു.സ്‌തോത്ര ആരാധനയിൽ ദക്ഷിണേന്ത്യാ സഭാ ഡെപ്യൂട്ടി മോഡറേറ്റർ ഡോ.രൂബൻ മാർക്ക്,സിനഡ് സെക്രട്ടറി അഡ്വ.സി. ഫെർണാണ്ടസ് രത്തിനരാജ,സിനഡ് ട്രഷറർ പ്രൊഫ.ഡോ.ബി. വിമൽ സുകുമാർ, ബിഷപ്പുമാരായ തീമൊത്തി രവീന്ദർ (കോയമ്പത്തൂർ മഹായിടവക),റൈറ്റ് ഡോ. ഉമ്മൻ ജോർജ് (കൊല്ലം കൊട്ടാരക്കര മഹായിടവക),ഡോ. ഡി. ചന്ദ്രശേഖരൻ (തൃച്ചി തഞ്ചാവൂർ മഹായിടവക), റൈറ്റ് ഡോ. എ.ആർ. ചെല്ലയ്യ (കന്യാകുമാരി മഹായിടവക), റൈറ്റ് വി.എസ്. ഫ്രാൻസിസ് (ഈസ്റ്റ് കേരള മഹായിടവക),ഡോ.മലയിൽ സാബു കോശി (മദ്ധ്യകേരള മഹായിടവക). റൈറ്റ് കൊടിരേഖ പത്മ റാവു (ഡോർണക്കൽ മഹായിടവക),റൈറ്റ് ഡോ.പിയാല ഐസക് വരപ്രസാദ് (റായലസീമ മഹായിടവക) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ദീപശിഖ സി.എസ്.ഐ മോഡറേറ്റർ മോസ്റ്റ് എ. ധർമ്മരാജ് റസാലം മഹായിടവക സെക്രട്ടറി ഡോ.ടി.ടി. പ്രവീണിന് കൈമാറി.പ്ളാറ്റിനം ജൂബിലിയുടെ പ്രതീകമായി 75 പ്രാവുകളെ പറത്തി.എം.എൽ.എമാരായ വി.കെ.പ്രശാന്ത്,അഡ്വ. ജി.സ്റ്റീഫൻ,സ്ത്രീജന സഖ്യം പ്രസിഡന്റ് ഷെർളി റസാലം തുടങ്ങിയവർ പങ്കെടുത്തു.