
തിരുവനന്തപുരം: ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയർ സെക്കൻഡറി സ്‌കൂളിന് വി. മുരളീധരൻ നൽകി. കലാലയങ്ങൾ പരിസ്ഥിതി സൗഹൃദമാകുന്നതോടെ ഇവിടങ്ങളിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്നവരും പരിസ്ഥിതി സൗഹൃദ ജീവിതചര്യയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ചിന്താലയ ആശ്രമ ട്രസ്റ്റ് പ്രസിഡന്റ് വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ വി.ആർ. സജിത്ത് വിദ്യാലയ പരിചയം നടത്തി. എക്‌സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ, പരിസ്ഥിതി ശാത്രജ്ഞൻ ഡോ. സുഭാഷ് ചന്ദ്രബോസ്, റിട്ട. ഡി.എഫ്.ഒ ഡോ. ഇന്ദുചൂഡൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം ബിന്ദു സുനിൽ, സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാൻ രാജ്‌മോഹൻ, സ്‌കൂൾ പ്രിൻസിപ്പൽ എ.വി. റീനമോൾ എന്നിവർ സംസാരിച്ചു.