തിരുവനന്തപുരം: നഗരസഭയിലെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരെ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള പ്രചാരണ റാലികൾ ഇന്നലെ സമാപിച്ചു. രണ്ട് ദിവസം നീണ്ട യാത്രകൾക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. പലയിടങ്ങളിലും പ്രമുഖ നേതാക്കൾ സംസാരിച്ചു. വാർഡുകളിലാവശ്യമായ എൽ.ഇ.ഡി ലൈറ്റുകൾ ലഭ്യമാക്കാത്തതിനാൽ രാത്രിയിൽ കോർപ്പറേഷൻ റോഡുകൾ ഇരുട്ടിലാകുന്നു, തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു, മാലിന്യ പ്രശ്നത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും പരിഹാരമായില്ല എന്ന ആരോപണങ്ങൾ ഉയർത്തിയായിരുന്നു യാത്ര. കൗൺസിൽ പാർട്ടി നേതാവ് എം.ആർ. ഗോപൻ നയിക്കുന്ന ജാഥ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലും, ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറിയും ചെമ്പഴന്തി വാർഡ് കൗൺസിലറുമായ ചെമ്പഴന്തി ഉദയൻ നയിക്കുന്ന ജാഥ നേമം നിയോജക മണ്ഡലത്തിലും, ജില്ലാ ജനറൽ സെക്രട്ടറിയും പി.ടി.പി വാർഡ് കൗൺസിലറുമായ വി.ജി. ഗിരികുമാർ നയിക്കുന്ന ജാഥ തിരുവനന്തപുരം, കോവളം നിയോജക മണ്ഡലങ്ങളിലും, ജില്ലാ വൈസ് പ്രസിഡന്റും തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ നയിക്കുന്ന ജാഥ കഴക്കൂട്ടം നിയോജക മണ്ഡലത്തിലും പര്യടനങ്ങൾ നടത്തി.