വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ സസ്‌പെൻഡ് ചെയ്തു. തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഫീസിലെ മുൻ വില്ലേജ് ഫീൽഡ് ജീവനക്കാരനായ പി.എസ്. രതീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. വില്ലേജ് ഓഫീസിലെ കഴിഞ്ഞ ഒരു വർഷത്തെ രേഖകളുടെ പരിശോധനയ്ക്കിടെയാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയത്. നിലവിൽ പൂവാർ വില്ലേജ് ഓഫീസിലെ ജീവനക്കാരനാണ് രതീഷ്. നെയ്യാറ്റിൻകര തഹസിൽദാർ എ.എസ്. ശ്രീകലയുടെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. വില്ലേജിലേക്ക് ഒടുക്കിയ തുകയുടെ ഏതാനും രസീതുകൾ കാൻസൽ ചെയ്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയതെന്ന് എ.എസ്. ശ്രീകല പറഞ്ഞു. കൂടുതൽ പരിശോധന നടത്തിയാലെ എത്ര തുകയുടെ തിരിമറിയാണ് നടത്തിയതെന്നറിയാൻ കഴിയുവെന്ന് അധികൃതർ പറഞ്ഞു.