
വിഴിഞ്ഞം: ഉച്ചക്കട സ്കൂളിലെ 25 ഓളം കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവുമായതിനെ തുടർന്ന് കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് സംശയം. വെങ്ങാനൂർ ഉച്ചക്കട എൽ.എം എൽ.പി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് രാത്രിയോടെ ഛർദ്ദിയും വയറിളക്കവും പനിയുമടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 15ലധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. 2 കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. മറ്റുള്ളവരെ ആവശ്യമായ ചികിത്സ നൽകി വൈകിട്ടോടെ വീടുകളിലേക്ക് തിരിച്ചയച്ചുവെന്ന് വിഴിഞ്ഞം ആശുപത്രി അധികൃതർ പറഞ്ഞു.
അഞ്ച് ദിവസം സ്‌കൂളടച്ചിടാൻ വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി.
അതേസമയം ഭക്ഷണം കഴിച്ചവർക്കും കഴിക്കാത്തവരുമായ കുട്ടികൾക്കും പനിയും ചർദ്ദിയും വയറിളക്കവുമുൾപ്പെട്ട അസ്വസ്ഥകളുണ്ടായിരുന്നുവെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു.
കുട്ടികളിലുണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്നും വൈറസ് ബാധയാണെന്നും സ്കൂളിൽ എത്താത്ത കുട്ടികൾക്കും സമീപത്തെ മറ്റൊരു സ്കൂളിലെ കുട്ടികൾക്കും ഇത്തരത്തിൽ രോഗം ബാധിച്ചിട്ടുണ്ടെന്നും ബാലരാമപുരം എ.ഇ.ഒ ലീന പറഞ്ഞു.