basapakadam

വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിറയെ യാത്രക്കാരുമായി നെടുമങ്ങാട്ടേക്ക് പുറപ്പെട്ട ബസ് റോഡരികിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലേക്ക് ചരിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. തൊളിക്കോട് പുളിമൂട് മാങ്കാവ് തടത്തരികത്ത് വീട്ടിൽ നസീറാബീവിക്കാണ് (53) പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 9.20ന് തൊളിക്കോട് ഇരുത്തലമൂല ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. ബസ് കുഴിയിൽ പതിച്ച് ചരിഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നെടുമങ്ങാട് വിതുര റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കലും, കലുങ്ക് നിർമ്മാണവും നടക്കുകയാണ്. ഇത് മൂലം റോഡിൽ അപകടങ്ങളും, യാത്രാതടസവും പതിവാണ്.