
തിരുവനന്തപുരം: നഗരഹൃദയമായ പാളയം കണ്ണിമേറ മാർക്കറ്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ ഒടുവിൽ മേയർ തന്നെ നേരിട്ടെത്തി. മാർക്കറ്റിനു മുന്നിലെ കുലക്കടയ്‌ക്ക് സമീപത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് മേയർ ആര്യാരാജേന്ദ്രൻ മുൻകൈയെടുത്തത്. രാവിലെ എട്ടരയ്‌ക്ക് എത്തിയ മേയർ നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെയും മാർത്തോമ്മാ യുവജന സഖ്യം തിരുവനന്തപുരം, കൊല്ലം ഭദ്രാസനത്തിന്റെ അംഗങ്ങളുടെയും സഹകരണത്തോടെ മാലിന്യങ്ങൾ മുഴുവൻ ചാക്കിൽ കെട്ടി മാറ്റിവച്ചു.
45ലധികം ചാക്കുകളിലാണ് പ്ളാസ്റ്റിക്, വാഴക്കുല, കുല പൊതിഞ്ഞുവരുന്ന ഉണങ്ങിയ വാഴയില ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടി നീക്കം ചെയ്‌തത്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്ളീനിംഗ് ഡ്രൈവിന്റെ തുടക്കമായിരുന്നു ഇത്. 'നഗരസഭ മുന്നോട്ട്" എന്ന ഹാഷ് ടാഗോടെ ആര്യ രാജേന്ദ്രൻ ഫേസ് ബുക്കിലൂടെ ശുചീകരണചിത്രങ്ങൾ പങ്കുവച്ചു. ഈ മാലിന്യങ്ങൾ ആവശ്യാനുസരണം കരിയില എയ്റോബിക് ബിന്നുകളിലേക്ക് മാറ്റും.
പാളയം മാർക്കറ്റിൽ നിലവിൽ 26 എയ്റോ ബിക് ബിന്നുകളുണ്ടെങ്കിലും കരിയില ജൈവവളമാകാൻ സമയമെടുക്കുന്നതിനാൽ പുറത്തുള്ള ബിന്നുകളെ കൂടി ആശ്രയിക്കും. ജൂൺ 9 വരെ നടക്കുന്ന ഡ്രൈവിൽ യുവജനസഖ്യത്തിലെ 25 ഓളം ജീവനക്കാരും നഗരസഭയുടെ 30 ഓളം ജീവനക്കാരും പങ്കാളികളാകും. മാർക്കറ്റിലെ മാലിന്യത്തിനു പുറമേ കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തള്ളുന്നുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് വൃത്തിയാക്കാൻ നഗരസഭ തീരുമാനിച്ചത്.
മേയർക്കൊപ്പം ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം, കൗൺസിലർ പാളയം രാജൻ, ഹെൽത്ത് ഓഫീസർ ഗോപകുമാർ, ഹെൽത്ത് സൂപ്പർ വൈസർ ബിജു, ഹെൽത്ത് ഇൻസ്‌പെക്‌ടർ പാളയം ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.