kk

തിരുവനന്തപുരം: അപകടനിരക്ക് കുറയ്ക്കാനും ബ്ളാക്ക് സ്പോട്ടുകളെ സുരക്ഷിത മേഖലകളാക്കാനും റോഡ് സുരക്ഷാ അതോറിട്ടി ശ്രമങ്ങൾ ആരംഭിച്ചിരിക്കേ തിരുവനന്തപുരം ജില്ലയിൽ ദേശീയ -സംസ്ഥാന പാതകളിലായി 29 ബ്ളാക്ക് സ്പോട്ടുകൾ. 2019 വരെയുള്ള മൂന്ന് വർഷങ്ങളിലായി 543 പേർക്കാണ് ജില്ലയിലെ ബ്ളാക്ക് സ്പോട്ടുകളിൽ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. 3,​828പേർക്ക് ഗുരുതര പരിക്കേറ്രു. അമിതവേഗം,​ അശ്രദ്ധ,​ മദ്യപിച്ച് വാഹനം ഓടിക്കൽ,​ റോഡുകളുടെ തകരാറ് തുടങ്ങിയവയായിരുന്നു അപകടങ്ങൾക്ക് കാരണം.

റോഡ് സംബന്ധമായ തകരാറുകളും ന്യൂനതകളും പരിഹരിക്കാൻ റോഡ് സുരക്ഷാ അതോറിട്ടി പൊതുമരാമത്ത്,​ ദേശീയപാത വിഭാഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചതോടെ വരും വർഷങ്ങളിൽ അപകടവും മരണനിരക്കും കുറയുമെന്നാണ് കരുതുന്നത്.

കാലവർഷം എത്തിയതോടെ സ്ഥിരം അപകട മേഖലകളിൽ ചോര വീഴാതിരിക്കാൻ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധ കൂടിയേ തീരൂ. നിയമ ലംഘനങ്ങളും അമിതവേഗവും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ്,​ പൊലീസ് എന്നിവയുടെ സഹായത്തോടെ പരിശോധന ശക്തമാക്കുന്നതിനൊപ്പം കാമറ നിരീക്ഷണമുൾപ്പെടെയുള്ള എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം. ജില്ലയിൽ ദേശീയപാതയിൽ 13 ഉം,​ സംസ്ഥാന പാതയിൽ 16ഉം ബ്ളാക്ക് സ്പോട്ടുകളാണുള്ളത്.