jun04b

ആറ്റിങ്ങൽ: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് പുത്തൻ ആശയം പ്രാവർത്തികമാക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും തെരുവിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവരുടെ കൈകളിലൂടെ പുതിയ മാനം നേടിയിരിക്കുകയാണ്.

കുടിവെള്ള കുപ്പികൾ കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ അതിൽ നിറച്ച് ഇവർ ഇക്കോ ബ്രിക്സ് എന്ന പേരിൽ കുപ്പിക്കട്ടകൾ നിർമ്മിച്ചാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നത്.

ഒരു കുപ്പിയിൽ 350 മുതൽ 400 ഗ്രാം വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവർ നിറയ്ക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഈ പ്രവർത്തനത്തിന്റെ ഫലമായി ഇതുവരെ 2500 കുപ്പിക്കട്ടകളാണ് ഇവർ നിർമ്മിച്ചത്. അതു വഴി 100 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനായി. ഇങ്ങനെ നിർമ്മിച്ച ഇക്കോ ബ്രിക്സ് ഉപയോഗിച്ച് സ്കൂളിൽ മനോഹരമായ വിശ്രമ ബെഞ്ച് നിർമ്മിച്ചരിക്കുകയാണ് കേഡറ്റുകൾ. തോന്നയ്ക്കൽ സായിഗ്രാമിൽ വിശ്രമ ബെഞ്ചു സ്ഥാപിക്കാനുള്ള അഞ്ഞൂറോളം ഇക്കോ ബ്രിക്സുകൾ ഇവർ നൽകിക്കഴിഞ്ഞു.

സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, പരിസ്ഥിതി പ്രവർത്തകനായ ഏലിയാസ് ജോൺ എന്നിവരുടെ ആശയമാണ് കേഡറ്റുകൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്.

എന്റെ മാലിന്യം എന്റെ അവകാശം എന്ന ആശയം കേഡറ്റുകളിൽ എത്തിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവർക്ക് താത്പര്യം സൃഷ്ടിക്കുകയാണ് ഇക്കോ ബ്രിക്സ് നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ധ്യാപകനും കമ്യൂണിറ്റി പൊലീസ് ഓഫീസറുമായ എൻ. സാബു പറഞ്ഞു.