
കിളിമാനൂർ: വികലാംഗനായ സജിക്കും ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഇനി അന്തിയുറങ്ങാൻ അയൽവീടുകളെ ആശ്രയിക്കണ്ട. കഴിഞ്ഞ കാലവർഷത്തിൽ പൂർണമായും വീട് നിലംപൊത്തിയ ഇവർക്ക് സി.പി.എം കൊടുവഴന്നൂർ ലോക്കൽപരിധിയിലെ ചെറുക്കാരം ബ്രാഞ്ച് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ച് നൽകും. ചെറുക്കാരത്ത് സജിയുടെയും കുടുംബത്തിന്റെയും പേരിലുള്ള വസ്തുവിൽ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി മുരളി അദ്ധ്യക്ഷനായി. ചെറുക്കാരത്ത് നാടൻവിളാകത്ത് വീട്ടിൽ സജിയും, ഭാര്യയും പ്ലസ് ടു വിദ്യാർത്ഥിയായ മകനും പത്താം ക്ലാസ് ഫലംകാത്ത് നിൽക്കുന്ന മകളും രാത്രിയായാൽ അന്തിയുറങ്ങാൻ അയൽവീടുകളെയാണ് ആശ്രയിക്കുന്നത്. വികലാംഗനായ സജിക്ക് മറ്റ് വരുമാനമാർഗമൊന്നുമില്ലാത്തതിനാൽ നിത്യവൃത്തിക്ക് പോലും നിവർത്തിയില്ലാത്ത അവസ്ഥയാണ്. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ സജി പലതവണ അപേക്ഷ നല്കിയെങ്കിലും അർഹതാ മാനദണ്ഡങ്ങളിൽ സജിക്ക് ഇടംപിടിക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഇവർക്ക് ഒരു വീട് നിർമ്മിച്ച് നൽകാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. ചെറുക്കാരം ബ്രാഞ്ചിനൊപ്പം സി.പി. എം കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റിയും വീട് നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ശിലയിടൽ ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു, ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ടി.എൻ. വിജയൻ, ഡി .ശ്രീജ, അടുക്കൂർ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. ഭവനനിർമ്മാണ കമ്മിറ്റി ചെയർപേഴ്സൺ കെ .ശിശുദള സ്വാഗതവും കൺവീനർ കെ .ഷിബു നന്ദിയും പറഞ്ഞു.