
കിളിമാനൂർ: ശക്തമായ മഴയിലും കാറ്റിലും നിർധന കുടുംബത്തിന്റെ വീട് പൂർണമായും തകർന്നുവീണു. നഗരൂർ വെള്ളംകൊള്ളി കോട്ടയ്ക്കൽ വാർഡിൽ കമലയുടെ കവിതാഭവൻ എന്ന ഓടുമേഞ്ഞ വീടാണ് തകർന്നുവീണത്. കമലയും മകനും മരുമകളും ഈ വീട്ടിലാണ് താമസിക്കുന്നത്. ഏറെ കാലപ്പഴക്കമുള്ള ഈ വീട് മൺഭിത്തിയുള്ളതാണ്. കാലപ്പഴക്കത്തെ തുടർന്ന് വീടിന് ബലക്ഷയമുള്ളതിനാൽ മഴക്കാലത്ത് കുടുംബം സമീപത്ത് മകളുടെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. ശക്തമായ മഴക്കൊപ്പമെത്തിയ കാറ്റിൽ സമീപത്ത് നിന്ന മരം കടപുഴകിവീണാണ് മേൽക്കൂരയടക്കം വീട് നിലംപതിച്ചത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ കുടുംബം അപേക്ഷ നൽകി കാത്തിരിപ്പിലാണ്. വീട് തകർന്നതിനെ തുടർന്ന് കുടുംബം വില്ലേജിലും പഞ്ചായത്തിലും പരാതി നൽകി. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.