
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ ഫ്ളാറ്റ് ഫാേമിൽ ട്രെയിനുകൾ നിറുത്തണമെന്ന ആവശ്യം ശക്തമായിട്ടും ബന്ധപ്പെട്ട അധികാരികൾ പരിഗണിക്കുന്നില്ലെന്ന് പരാതി. യാത്രക്കാരുടെ ഈ ആവശ്യത്തിന് അനവധി വർഷങ്ങളുടെ പഴക്കമുണ്ട്. റയിൽവെ സ്റ്റേഷന് അടുത്ത് ട്രാക്കിന് വളവുണ്ടെന്നും ഒന്നാം നമ്പർ ഫ്ളാറ്റ് ഫാേമിൽ ട്രയിൻ നിറുത്തിയാൽ സമയ നഷ്ടമുണ്ടാകുമെന്നുമാണ് റെയിവെയുടെ വാദം. എന്നാൽ റെയിൽവേയുടെ ഈ തീരുമാനത്തിൽ ബുദ്ധിമുട്ടുന്നത് യാത്രക്കാരാണ്. സാധാരണ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളാണ് നിറുത്തേണ്ടത്. ഇവിടെ ട്രെയിൻ നിറുത്താത്തതിനാൽ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ ഫൂട് ഓവർബ്രിഡ്ജ് കയറി മൂന്നോ നാലോ നമ്പർ പ്ലാറ്ര്‌ഫോമിലെത്തണം.
സ്റ്റേഷനടുത്ത് തന്നെ ട്രാക്കിന് ഇതിനേക്കാൾ വളവുളള മറ്റു പല സ്റ്റേഷനുകളിലും ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ ട്രെയിനുകൾ നിറുത്തുന്നുണ്ട്. എന്നാൽ കടയ്ക്കാവൂരിനോടു മാത്രമാണ് ഈ അവഗണന. ദീർഘദൂര സർവീസുകൾ ഒന്നാം നമ്പർ ഫ്ളാറ്റ് ഫാേമിൽ നിറുത്തുന്നത് സമയനഷ്ടമാണെന്നിരിക്കെ പല സ്റ്റേഷനിലും പിടിച്ചിടുന്ന പാസഞ്ചറുകൾ പോലും ഒന്നാം നമ്പർ ഫ്ലാറ്റ് ഫാേമിൽ നിറുത്താറില്ല.
വർഷങ്ങളായി നിറുത്തലാക്കിയ ക്യാന്റീനും പൊലീസ് എയ്ഡ് പോസ്റ്റും പുനസ്ഥാപിയ്ക്കാനും അധികൃതർ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.