
തിരുവനന്തപുരം: രണ്ട് സ്കൂളുകളിലും അങ്കണവാടിയിലുമായി 87 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും വീണാ ജോർജിന്റെയും നിർദ്ദേശത്തെ തുടർന്ന് സമഗ്രാന്വേഷണം തുടങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് അന്വേഷണച്ചുമതല. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി.
അതിനിടെ കല്ലുവാതുക്കൽ അങ്കണവാടി വർക്കർ ഉഷാകുമാരിഅമ്മ, ഹെൽപ്പർ സജിനാ ബീവി എന്നിവരെ അന്വേഷണ വിധേയമായി ശിശുവികസന പദ്ധതി ഓഫീസർ സസ്പെൻഡ് ചെയ്തു. വിഴിഞ്ഞം ഉച്ചക്കട പുത്തൻ റോഡ് ടൗൺ യു.പി സ്കൂളിൽ 47ഉം, കായംകുളം ടൗൺ ഗവ. യു.പി.എസിലെ ഒന്നാം ക്ലാസ് മുതൽ നാലു വരെയുള്ള 36 പേർക്കും, കൊട്ടാരക്കര, കല്ലുവാതുക്കൽ അങ്കണവാടിയിൽ നാലും വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചക്കടയിൽ വെള്ളിയാഴ്ചയും, കായംകുളത്തും കൊട്ടാരക്കരയിലും ഇന്നലെയുമാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്നിടത്തും ചോറും സാമ്പാറും പയറുമാണ് കുട്ടികൾ കഴിച്ചത്.
കല്ലുവാതുക്കൽ അങ്കണവാടിയിൽ രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി പിടിച്ചെടുത്തിട്ടുണ്ട്. കായംകുളം ടൗൺ യു.പി സ്കൂളിലെ വെള്ളത്തിന്റെ സാമ്പിൾ ഉൾപ്പെടെ ആരോഗ്യ വകുപ്പ് ശേഖരിച്ചു. പുത്തൻ റോഡ് ടൗൺ യു.പി സ്കൂൾ അഞ്ചു ദിവസത്തേക്ക് അടച്ചിടാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചു.ഉച്ചക്കട എൽ.എം.എസ് എൽ.പി സ്കൂളിലേത് നോറോ വൈറസ് ബാധയെന്ന് ലാബ് പരിശോധന റിപ്പോർട്ട്. കുടിവെള്ളത്തിലൂടെ പകർന്നതാകാമെന്ന് സംശയിക്കുന്നുവെന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു.