accident-death

കഴക്കൂട്ടം: കഠിനംകുളം പുത്തൻതോപ്പിൽ അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ടുപേർ മരിച്ചു. തിരുവനന്തപുരം വേളിക്ക് സമീപം വലിയതോപ്പിൽ താമസിക്കുന്ന ആന്റണി ആൽബർട്ട് (22), കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ചർച്ചിന് സമീപം ലതാ ഹൗസിൽ ഗോഡ്സൺ (22) എന്നിവരാണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന ജോമോൻ,​ അഖിൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരദേശ പാതയിൽ പുത്തൻതോപ്പ് ജംഗ്ഷന് സമീപത്തെ സൂപ്പർ മാർക്കറ്റിന് മുന്നിൽ ഇന്നലെ വെളുപ്പിന് 1ഓടെയാണ് അപകടമുണ്ടായത്. കഠിനംകുളത്തുള്ള തീയേറ്ററിൽ സിനിമ കണ്ടശേഷം തിരികെ മടങ്ങവെയാണ് അപകടമുണ്ടായത്. ആന്റണിയും ഗോഡ്സണും ഓട്ടോറിക്ഷയുടെ മുൻ സീറ്റിലാണ് ഇരുന്നിരുന്നത്. ഇവരെ കഠിനംകുളം പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.