1

പോത്തൻകോട്: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും പട്ടിണിയും ദാരിദ്ര്യവും പേറുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ആത്മനിർഭർ ഭാരതത്തിന്റെ പേരിൽ മോദി രാജ്യത്തെ കബളിപ്പിക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ നെടുമങ്ങാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാവിലെ സമ്മേളനവേദിയായ പോത്തൻകോട് ക്രെസന്റ് ഓഡിറ്റോറിയത്തിലെ ജി. പങ്കജാക്ഷൻ നായർ നഗറിൽ മുതിർന്ന പാർട്ടി അംഗം ഇ. ചന്ദ്രശേഖരപിള്ള പതാക ഉയർത്തി. പോത്തൻകോട്‌ അനിൽകുമാർ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. മന്ത്രി ജി.ആർ. അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ എസ്, ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മീനാങ്കൽ കുമാർ, പൂവച്ചൽ ഷാഹുൽ, വിളപ്പിൽ രാധാകൃഷ്ണൻ പാട്ടത്തിൽ ഷൗക്കത്ത് തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.

പി.കെ. സാം, സീനത്ത് ബീവി, എസ്.എസ്. സുരേഷ് കുമാർ, ജി. ശരത് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.