ravendran-nair

പാറശാല: സ്ഥലപരിശോധനയ്‌ക്കിടെ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി എ.ഇ രവീന്ദ്രൻനായരെ ഗുണ്ട ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുണ്ടയുടെ വീടിന് മുന്നിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് സംഭവം. എന്നാൽ എ.ഇയെ ആശുപത്രിയിലെത്തിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും സഹപ്രവർത്തകരെയും ഡ്യൂട്ടി ഡോക്ടർ അസഭ്യം വിളിച്ചതിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം.

പാറശാല താലൂക്ക് ആശുപത്രിയിൽ ജൂൺ ഒന്നിനാണ് സംഭവം. ആക്രമണ വിവരം പൊഴിയൂർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റും സംഘവും രോഗിയുമായി ആശുപത്രിയിലെത്തുകയായിരുന്നു. വാർഡിൽ ഡ്യൂട്ടി ഡോക്ടറെ കാണാത്തതിനെ തുടർന്ന് സൂപ്രണ്ടിനെ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഡോക്ടറെത്തിയത്. തലേദിവസം വാഹനാപകടത്തിൽ പരിക്കേറ്റ കുറെപ്പേരുണ്ടെന്നും വാർഡിലുള്ള അവരെ വീണ്ടും നോക്കിയിട്ട് വരാമെന്നും ഡോക്ടർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇതിനെ എതിർത്തപ്പോൾ എല്ലാവരോടും പുറത്തുപോകാൻ ഡോക്ടർ ആവശ്യപ്പെട്ടു. തുടർന്നുള്ള തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള പരസ്‌പര വാഗ്വാദത്തിനും അസഭ്യം വിളിയിലും കലാശിച്ചത്. തന്നെ പ്രസിഡന്റും സംഘവും അസഭ്യം വിളിച്ചെന്ന് ഡോക്ടർ വാദിക്കുമ്പോൾ രോഗിയെ പരിശോധിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റും സംഘവും പറയുന്നു. എ.ഇയെ മർദ്ദിച്ച ഗുണ്ട ഒളിവിലാണ്.