heart

പൊതുവേദികളിൽ ആഹ്ലാദകരമായ അന്തരീക്ഷത്തിൽ നിൽക്കുന്ന വ്യക്തികൾ പോലും കുഴഞ്ഞു വീണ് നിമിഷങ്ങൾക്കുള്ളിൽ മരണപ്പെടുന്ന സംഭവങ്ങൾ ആരെയും ഭയപ്പെടുത്തും. ഇത്തരം സാഹചര്യത്തിൽ ചുറ്റും വലിയൊരു ആൾക്കുട്ടമുണ്ടെങ്കിൽ പോലും എല്ലാവരും നിസഹായരായി നോക്കി നിൽക്കാറാണ് പതിവ് എന്നാൽ അടിയന്തര ഇടപെടൽ നടത്തി വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നതുവരെ ജീവൻ നിലനിറുത്താൻ സമൂഹത്തിൽ ഓരോരുത്തർക്കും കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

കുഴഞ്ഞു വീണുള്ള മരണമെന്ന് സാധാരണ എല്ലാവരും പറയുമ്പോൾ പെട്ടെന്നുള്ള ഹൃദയാഘാതത്താലുള്ള മരണമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിച്ചുകഴിഞ്ഞാൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു തുരുത്താണ് കാർഡിയോ പൾമോണറി റീസെസറ്റേഷൻ (സി.പി.ആർ) എന്ന ചികിത്സാരീതി. പക്ഷേ അത് എപ്പോൾ എങ്ങനെ നൽകണമെന്ന് അറിഞ്ഞിരിക്കണം.
ആശുപത്രികളിൽ യന്ത്രസഹായത്തോടെ നൽകുന്ന അഡ്വാൻസ്ഡ് കാർഡിയാക് സപ്പോർട്ടിന്റെ ഭാഗമാണ് സി.പി.ആർ എന്നാൽ പൊതുസ്ഥലങ്ങളിൽ ഹൃദയത്തെ കൃത്രിമമായി പ്രവർത്തിപ്പിക്കുന്ന സി.പി.ആർ മാത്രമാണ് പോം വഴി. പൊതുസ്ഥലത്ത് വച്ചു നൽകുന്ന ഈ പ്രഥമശുശ്രൂഷ ലേ മാൻ സി.പി.ആർ എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ കാർഡിയോവാസ്‌ക്കുലർ സെന്റർ ചെയർമാനും പ്രമുഖ ഹൃദയ ചികിത്സാ വിദഗ്ധനുമായ പ്രൊഫ.സി.ജി.ബാഹുലേയൻ ഇതേ കുറിച്ച് വിശദീകരിക്കുന്നു.


സി.പി.ആർ എന്ത്, എങ്ങനെ?
ഹൃദയ സ്തംഭനം സംഭവിച്ച് ഒരാൾ കുഴഞ്ഞു വീണാൽ ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഹൃദയമിടിപ്പ് നിലനിറുത്താനുള്ള പ്രാഥമിക ചികിത്സയാണ് സി.പി.ആർ. തലച്ചോറിലേക്കും മറ്റുഭാഗങ്ങളിലേക്കുമുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. കുഴഞ്ഞു വീണയാളെ മലർത്തികിടത്തി നെഞ്ചിന്റെ ഇടതുഭാഗത്ത് ഒരുകൈവച്ച് അതിന് മുകളിലായി മറ്റൊന്ന് വച്ച് താഴേക്കും മുകളിലേക്കും ശക്തമായി അമർത്തുന്നതാണ് രീതി. സി.പി.ആർ ചെയ്യുന്ന അത്രയും സമയം രക്ത ഓട്ടം സാദ്ധ്യമാകും.

ആദ്യത്തെ ആ മൂന്ന് മിനിട്ട് ?
ഹൃദയസ്തംഭനം സംഭവിച്ചു കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മിനിട്ടിനുള്ളിൽ സി.പി.ആർ നൽകി തുടങ്ങണം. പൾസ് നോക്കി ഹൃദയാഘാതമാണെന്ന് ഉറപ്പുവരുത്താനാണ് മൂന്ന് മിനിട്ട് സമയം.അത് കഴിഞ്ഞുള്ള ഓരോ നിമിഷവും നിർണായകമാണ്.സി.പി.ആർ നൽകുന്നത് ആശുപത്രിയിലെത്തിക്കുന്നത് വരെ തുടരണം. ചെറിയമാറ്രം കണ്ടുതുടങ്ങിയാൽ നിറുത്തരുത്. അത് ജീവനെ ബാധിക്കും.
സി.പി.ആർ ഫലപ്രദമോ ?
ഹൃദയാഘാതം സംഭവിച്ചയാൾക്ക് സി.പി.ആർ നൽകിയാൽ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള സാദ്ധ്യതയേറെയാണ്. ഹൃദയത്തിന്റെ സ്വാഭാവികമായ പ്രവർത്തനം നിലച്ചുപോകുന്ന നിർണായകമായ നിമിഷത്തിൽ അതിനെ കൃത്രിമമായി പ്രവർത്തിപ്പിച്ചില്ലെങ്കിൽ മരണം ഉറപ്പാണ്. ആശുപത്രിയിൽ എത്തിച്ച ശേഷം ഹൃദയാഘാതത്തിന്റെ സ്വഭാവവും തീവ്രതയും മനസിലാക്കി ഡോക്ടർമാർ തുടർചികിത്സ ലഭ്യമാക്കും.


പരിശീലനം അനിവാര്യം
വിദേശരാജ്യങ്ങൾക്ക് സമാനമായി കേരളത്തിലും സി.പി.ആർ നൽകാൻ പൊതുജനങ്ങളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന പൊലീസുകാർ,മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമായും ഇത് പരിശീലിക്കണം. കേരളത്തിൽ ആശുപത്രികളിൽ മാത്രമാണ് ഇത് നടക്കുന്നത്. അത് മതിയാവില്ല. ആൾക്കൂട്ടത്തിനിടെയിൽ ആർക്കെങ്കിലും ഹൃദയാഘാതം സംഭവിച്ചാൽ ഒരാളെങ്കിലും സി.പി.ആർ നൽകാൻ അറിഞ്ഞിരിക്കണം. ഈ വിഷയം കുട്ടികളുടെ പാഠ്യഭാഗത്തിൽ ഉൾപ്പെടുത്തണം. സി.പി.ആറിനെ കുറിച്ചുള്ള സാമൂഹ്യഅവബോധം ഉറപ്പാക്കണം.