kadakkavore

കടയ്ക്കാവൂർ: നാല് വർഷം കൊണ്ട് നവീകരണമാരംഭിച്ച ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡിന്റെ 300 മീറ്ററോളം വരുന്ന ഭാഗം ടാറിംഗ് പൂർത്തീകരിക്കാത്തത് വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡുൾപ്പെടുന്ന തെക്കുംഭാഗത്താണ് പണി പൂർത്തീകരിക്കാത്തത്.

റോഡിന്റെ വശങ്ങളിൽ 25 ഓളം വീടുകളുണ്ട്. പൊടിശല്യം രൂക്ഷമായതോടെ ആസ്മാ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുമെന്നും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. വലിയ വാഹനങ്ങൾ ഇതുവഴി വന്നാൽ എതിർദിശയിൽ വരുന്ന വാഹനം ടാറിംഗ് പൂർത്തീകരിക്കാത്ത സ്ഥലത്ത് ഇറക്കുന്നതോടെ അപകടങ്ങളും വർദ്ധിക്കുകയാണ്. രാത്രികാലങ്ങളിൽ പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.

2019 മാർച്ചിൽ കരാർ വച്ചെങ്കിലും 2020ൽ പഞ്ചായത്ത് ഇലക്ഷന് നാല് ദിവസങ്ങൾക്ക് മുൻപാണ് പി.ഡബ്ല്യു.ഡി റോഡ് കരാറുകാരൻ റോഡ് വെട്ടിപൊളിച്ചിട്ടത്. ഇലക്ഷൻ കഴിഞ്ഞ് ആറ് മാസത്തോളം യാതൊരുവിധ നിർമ്മാണപ്രവർത്തനവും നടക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ ലോകായുക്തയ്ക്ക് പരാതി നൽകുകയും,റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിച്ചു. തുടർന്നാണ് റോഡ് നിർമ്മാണം വീണ്ടും ആരംഭിച്ചത്. കുടിവെള്ള പൈപ്പ് കണക്ഷൻ നൽകുമ്പോൾ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ പ്രദേശത്ത് റോഡിന് ഒരു വശത്ത് പുതിയ പൈപ്പ്ലൈൻ ഇടുന്ന പദ്ധതികൾ ആരംഭിച്ചിരുന്നു. എന്നാൽ പി.ഡബ്ല്യു.ഡിയുടേയും വാട്ടർ അതോറിട്ടിയുടേയും അധികൃതരില്ലാതെ കരാറുകാരൻ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളുടെ പാകപിഴകൾ മൂലമാണ് നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന റോഡ് പണി നിറുത്തി വയ്ക്കാൻ കാരണമായത്. പി.ഡബ്യു.ഡിയും, വാട്ടർ അതോറിട്ടിയും തർക്കമായതോടെ പണി പൂർത്തികരിക്കാതെ റോഡ് അപകടക്കെണിയായത്.

ടാറിംഗ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ബന്ധപ്പെടുമ്പോഴെല്ലാം ഇപ്പോൾ ശരിയാക്കിത്തരാം എന്ന ഉഴപ്പൻ മട്ടാണ് അധികൃതർക്കുള്ളതെന്നാണ് നാട്ടുകാരുടെ പരാതി.