തിരുവനന്തപുരം: പ്രകൃതി സംരക്ഷണം വിദ്യാർത്ഥികളുടെ പഠന പ്രക്രിയയുടെ ഭാഗമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളിൽ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ജില്ലാതല പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൃക്ഷത്തൈ നടീലും, വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ ഇടങ്ങളിൽ 44 പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം ജില്ലയിൽ 52 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 4.12 ഏക്കർ സ്ഥലത്ത് 115 പച്ചത്തുരുത്തുകളാണ് ആകെ സ്ഥാപിക്കുന്നത്. ധനുവച്ചപുരം എൻ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി. ഹുമയൂൺ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.