
നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പെരുങ്കടവിള മാർക്കറ്രിൽ വികസനത്തിന്റെ പേരിൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോഴും നിർമ്മിതികൾ പലതും അശാസ്ത്രീയമെന്ന് ആക്ഷേപം. ഇത്തരത്തിൽ വികസന പദ്ധതികളുടെ പേരിൽ നിരവധി കെട്ടിടങ്ങൾ മാത്രം നിർമ്മിച്ച് സർക്കാർ ഫണ്ട് ദുരുപയോഗം നടത്തുന്നതായി വ്യാപക പരാതിയുള്ളത്. ഇത്തരത്തിൽ ചെറുതും വലുതുമായി പത്തോളം കെട്ടിടങ്ങൾ മാർക്കറ്രിനകത്തുണ്ട്.
കഴിഞ്ഞ കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതി കാലത്ത് ജില്ലാപഞ്ചായത്ത് വക 25 ലക്ഷത്തോളം രൂപ ചെലവിൽ ഇരുനില കെട്ടിടം നിർമ്മിച്ചിരുന്നു. ഇതിൽ ഹോർട്ടികോർപ്പിന്റെ വക 10 ലക്ഷത്തോളം രൂപ ചെലവിൽ പെരുങ്കടവിള കാർഷിക വിപണന കേന്ദ്രമെന്ന പേരിൽ കാർഷിക ഉല്പന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ ലക്ഷ്യമാക്കി മുകളിലെ നിലയിൽ 4 കട മുറികളും നിർമ്മിച്ചിരുന്നു. ഇതിൽ താഴെ നിലയിലുള്ള 4 കടകൾ മാത്രമാണ് ഇപ്പോൾ സ്വകാര്യ വ്യക്തികൾ വാടയ്ക്കെടുത്ത് പ്രവർത്തിക്കുന്നത്. എന്നാൽ നിർമ്മാണവും ഉദ്ഘാടനവും കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മുകളിലത്തെ മുറികൾ ഇപ്പോഴും അടഞ്ഞു തന്നെ. വാടക കൂടുതലായതിനാൽ സ്വകാര്യ വ്യക്തികൾ ഇത് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലായെന്നാണ് ഇപ്പോഴത്തെ പഞ്ചായത്ത് അധികൃതരുടെ വാദം.
ഈ കെട്ടിടങ്ങൾ നിലനിൽക്കെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന പദ്ധതികളുടെ പേരിൽ വീണ്ടും കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഇതിനായി മാർക്കറ്രിനകത്തുള്ള കൂറ്റൻ തണൽമരങ്ങളും വെട്ടിമാറ്റിയതായും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. നിലവിൽ പല കെട്ടിടങ്ങളും കെട്ടിപ്പൊക്കി ഉദ്ഘാടനം കഴിഞ്ഞ് നോക്കുകുത്തികളായി സ്ഥിതി ചെയ്യുന്നുണ്ട്.
ചന്തയ്ക്കകത്ത് വർഷങ്ങൾക്ക് മുമ്പ് പണിത കോൺക്രീറ്റ് മുറ്റം 3 മാസങ്ങൾക്ക് മുമ്പ് വീണ്ടും ടൈൽ പാകി നവീകരിച്ചിരുന്നു. ഇതൊന്നും നാടിന്റെ വികസനത്തിന് ഗുണകരമല്ലെന്ന് നാട്ടുകാർ പറയുന്നു. ത്രിതല പഞ്ചായത്തിന്റെയും കേന്ദ്രസർക്കാരിന്റെയും ഫണ്ടുകൾ യഥേഷ്ടം വിനിയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലാണ് അധികൃതർ വികസനമെന്ന ലക്ഷ്യം നോക്കി കാണുന്നതെന്നുമാണ് ആക്ഷേപം.