
തിരുവനന്തപുരം: പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുള്ള ആദ്യത്തെ ജന്മസ്ഥാന ക്ഷേത്രം കണ്ണമ്മൂലയിൽ. പഞ്ചലോഹത്തിൽ തീർത്ത വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് അടുത്ത മാസം 4ന് കണ്ണമ്മൂലയിൽ നടക്കും. ജന്മസ്ഥാന ക്ഷേത്ര പ്രതിഷ്ഠാ ഉത്സവത്തിന്റെയും പഠനഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ 10.30ന് നിർവഹിക്കും.
സ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി നഗറിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് വിദ്യാധി രാജ ചട്ടമ്പി സ്വാമികൾക്കായി ക്ഷേത്രം പണിയുന്നത്. കരയോഗങ്ങളിൽ നിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സ്ഥലം വാങ്ങിയതും ക്ഷേത്രം പണിയുന്നതും. ചട്ടമ്പി സ്വാമികളെ കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ക്ഷേത്രത്തിന് സമീപം പഠനഗവേഷണ കേന്ദ്രവുമുണ്ട്. ഇതിന്റെ നിർമ്മാണം പൂർത്തിയായി. 3 കോടി രൂപയാണ് നിർമ്മാണ ചെലവ്. 80 സെന്റീമീറ്റർ ഉയരമുള്ള വിഗ്രഹം നിർമ്മിക്കുന്നത് കരമനയിലാണ്. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ജൂൺ 29, 30 തീയതികളിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ പ്രധാന കേന്ദ്രങ്ങളിലൂടെ വിഗ്രഹ ഘോഷയാത്ര ഉണ്ടായിരിക്കും. തുടർന്ന് കണ്ണമ്മൂലയിൽ എത്തിക്കുന്ന വിഗ്രഹം രണ്ടുദിവസത്തെ താന്ത്രിക പൂജകൾക്ക് ശേഷം പ്രതിഷ്ഠിക്കുമെന്ന് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ്‌കുമാർ പറഞ്ഞു.