traffic-signal-

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ പകുതി ലൈറ്റും ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നത് ജനങ്ങലെ വലയ്ക്കുന്നു. കാലപ്പഴക്കമാണ് സിഗ്നൽ ലൈറ്റുകൾ ഇടയ്ക്കിടെ പണിമുടക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. 5 മുതൽ 7 വരെ വർഷം പഴക്കം ചെന്ന സിഗ്നൽ ലൈറ്റുകളാണ് നഗരത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. അഞ്ച് വർഷം കഴിയുമ്പോൾ സിഗ്നൽ ലൈറ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാണെങ്കിലും അത് പ്രാവർത്തികമാകാറില്ല. കഴിഞ്ഞ കുറേ മാസങ്ങളായി പാറ്റൂർ, നാലുമുക്ക്, വഞ്ചിയൂർ, പാളയം, പേട്ട, സ്റ്റാച്യൂ, തമ്പാനൂർ, യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷൻ, മെഡിക്കൽ കോളേജ് ജംഗ്ഷൻ, കേശവദാസപുരം, ഉള്ളൂർ, പട്ടം, കിഴക്കേകോട്ട, അട്ടക്കുളങ്ങര തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക്ക് ലൈറ്റുകൾ പകുതി മാത്രമേ കത്താറുള്ളൂ. തിരക്ക് കൂടിയ ദിവസങ്ങളിൽ ഇക്കാരണത്താൽ ജനങ്ങൾക്ക് മണിക്കൂറുകളോളം ഗതഗാതകുരുക്ക് നേരിടേണ്ടി വരുന്നുണ്ട്. ട്രാഫിക്ക് സിഗ്നലുകളിൽ അറ്രക്കുറ്രപ്പണി നടത്തേണ്ടതിലെ ഏകോപനമില്ലായ്മയാണ് തകരാറിന് കാരണമെന്നാണ് ആക്ഷേപം. നഗരത്തിൽ 114 ജംഗ്ഷനുകളിൽ ട്രാഫിക്ക് സിഗ്നലുകളുണ്ടെന്നാണ് കണക്ക്. നഗരത്തിലെ എല്ലാ ട്രാഫിക്ക് ലൈറ്റുകളുടെയും അറ്രകുറ്റപ്പണികളും പുതുതായി സ്ഥാപിക്കുന്നതും കെൽട്രോണാണ്. എന്നാൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ സിഗ്നൽ ലൈറ്റ് നവീകരിക്കുന്ന ടെൻഡർ ലഭിച്ചത് ചെന്നൈയിലെ എം.എസ്.പി എന്ന കമ്പനിക്കാണ്. എന്നാൽ കരാർ എറ്റെടുത്തിട്ടും അവർ അറ്റകുറ്റപണികൾ ചെയ്തു തുടങ്ങിയില്ല. കരാർ ലഭിക്കാത്തതിനാൽ കെൽട്രോണും ഇപ്പോൾ അറ്റകുറ്റപ്പണി ചെയ്യുന്നതിൽ ഉദാസീനത കാണിക്കുന്നുണ്ട്. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, സിറ്റി കോർപ്പറേഷൻ തുടങ്ങി വിവിധ ഏജൻസികൾ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളും എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചവയുമാണ് നഗരത്തിലുള്ളത്. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഒഴികെയുള്ളവയ്ക്ക് വാർഷിക അറ്റകുറ്റപ്പണി കരാറില്ല.

 നട്ടം തിരിഞ്ഞ് ജനം

സ്മാർട്ട് റോഡ‌് നിർമ്മാണത്തിന് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന കുരുക്കിന് പുറമേ ട്രാഫിക്ക് സിഗ്നലുകളും പ്രവർത്തിക്കാതായപ്പോൾ നഗരം തിക്കിത്തിരക്കുകയാണ്. വിദ്യാർത്ഥികൾക്ക് സ്കൂളിലും കോളേജിലും കൃത്യസമയത്ത് എത്താൻ സാധിക്കാറില്ല. ഉദ്യോഗസ്ഥരുടെയും ജോലിക്ക് പോകുന്നവരുടെയും സ്ഥിതിയും ഇതുതന്നെയാണ്. രോഗിയുമായി ആശുപത്രിയിൽ പോകുന്ന ആംബുലൻസും ഗതാഗതകുരുക്കിൽ കുടുങ്ങിക്കിടക്കാറുണ്ട്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും സിഗ്നൽ തകരാർ എത്രയും വേഗം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

 ആധുനിക സിഗ്നൽ സംവിധാനം വരുന്നത് വൈകും

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ആധുനിക സംവിധാനമായ അഡാപ്റ്റീവ് ട്രാഫിക്ക് കൺട്രോൾ സിസ്റ്റം നഗരത്തിൽ സ്ഥാപിക്കുന്നത് വൈകും. ആദ്യഘട്ടത്തിൽ 25 എണ്ണം ജൂണോടെ സ്ഥാപിക്കുമെന്ന് തീരുമാനിച്ചെങ്കിലും മഴയിൽ ജോലികൾ പൂ‍ർണമായില്ല. കാലാവസ്ഥ അനൂകൂലമായാൽ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നഗരത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുമെന്നാണ് സ്മാർട്ട് സിറ്റിയുടെ പ്രതീക്ഷ. 90 കോടിയാണ് പദ്ധതി ചെലവ്.