
കല്ലമ്പലം: മൊബൈൽ ഫോണിലൂടെ ബി.ടി.എസ് ആർമി കൊറിയൻ ബാൻഡ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായി പഠനത്തിൽ ഏകാഗ്രത നഷ്ടപ്പെട്ട പ്ളസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ ചിറവിളപുത്തൻവീട്ടിൽ പരേതനായ ജയമോഹൻ-ശ്രീജ ദമ്പതികളുടെ മൂത്തമകൾ ജീവാ മോഹനെയാണ് (ഗൗരി 16) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയിന്നില്ലെന്നുമുള്ള ആറുപേജുള്ള ആത്മഹത്യാകുറിപ്പ് കല്ലമ്പലം പൊലീസ് കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആറ്റിങ്ങൽ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിയായ ജീവയുടെ മാതാവ് ശ്രീജ ജോലിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി ജിത ട്യൂഷനും പോയ സമയത്ത് പഠിക്കുവാനുണ്ടെന്നും പറഞ്ഞ് ജീവ മുറിയിൽ കയറി കതകടക്കുകയായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജിത ട്യൂഷൻ കഴിഞ്ഞെത്തി ജീവയെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല.തുടർന്ന് സമീപവാസികളെ വിളിച്ച് കതക് ചവിട്ടിതുറന്ന് അകത്തുകയറുമ്പോൾ മരിച്ചനിലയിൽ കാണുകയായിരുന്നു.
മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ജീവ പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും മൊബൈൽ ഭ്രമം കൂടിയതോടെ പിന്നാക്കം പോവുകയായിരുന്നു.
പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജീവയ്ക്ക് ഓൺലൈൻ പഠനത്തിനായാണ് മാതാവ് മൊബൈൽ വാങ്ങി നൽകിയത്. മൊബൈലിൽ ചൈനീസ്, കൊറിയൻ ബ്രാന്റുകളുടെ വീഡിയോ സ്ഥിരമായി കണ്ടിരുന്നു. അടുത്തിടെ ക്ലാസ് ടെസ്റ്റിൽ മാർക്ക് വളരെ കുറഞ്ഞതോടെ 13 മുതൽ നടക്കുന്ന പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയില്ലെന്ന ഭീതി ജീവയ്ക്കുണ്ടായിരുന്നു. അനുജത്തിക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
സർക്കാർ ജീവനക്കാരനായ ജീവയുടെ പിതാവ് അഞ്ചുകൊല്ലം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ശ്രീജയ്ക്ക് സർക്കാർ ജോലി ലഭിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തുകയും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.