തിരുവനന്തപുരം: തീർത്ഥപാദ മണ്ഡപം വിദ്യാധിരാജ ട്രസ്റ്റിന് ഒരുമാസത്തിനകം തിരികെ നൽകണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സർക്കാർ നടപടി റദ്ദ് ചെയ്‌തത് ഉത്തരവിട്ടത്. 2020 ഫെബ്രുവരി 29ന് രാത്രിയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് സന്നാഹത്തോടെ എത്തി റവന്യു അധികൃതർ തീർത്ഥപാദമണ്ഡപവും ചട്ടമ്പിസ്വാമിക്ഷേത്ര മണ്ഡപവും താഴിട്ടു പൂട്ടി ഏറ്റെടുക്കുകയായിരുന്നു. രാത്രിയിൽ പൊലീസുമായെത്തി സർക്കാർ ഭൂമിയാണെന്ന ബോർഡ് വച്ചാണ് ഏറ്റെടുക്കൽ നടത്തിയത്. വിദ്യാധിരാജ ട്രസ്റ്റിൽ നിന്ന് തീർത്ഥപാദ മണ്ഡപം സ്ഥിതിചെയ്യുന്ന കിഴക്കേകോട്ടയിലെ 65 സെന്റ്സ്ഥലം തിരിച്ചെടുക്കാൻ റവന്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഉത്തരവിട്ടത്. 1976 ൽ വിദ്യാധിരാജ സഭയ്‌ക്ക് നൽകിയ 65 സെന്റ് സ്ഥലത്തിന് നിശ്ചയിക്കപ്പെട്ട വിലയുടെ 50 ശതമാനം അടച്ചിട്ടില്ലെന്നും ശേഷിക്കുന്ന 50 ശതമാനം തുക 2020 ഫെബ്രുവരി 29 ൽ ഭൂമി ഏറ്റെടുക്കുന്നതുവരെ അടച്ചില്ലെന്നുമുള്ള വാദമാണ് ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു അധികൃതർ നിരത്തിയത്. എന്നാൽ ആദ്യത്തെ 50 ശതമാനം തുക ട്രഷറിയിൽ അടച്ചതായി ഭൂമി കൈമാറിയ മഹസറിൽ അന്നത്തെ റവന്യു ഇൻസ്പെക്ടറും സ്‌പെഷ്യൽ തഹസീൽദാരും എഴുതിയത് കോടതി തെളിവായി സ്വീകരിച്ചു. ശേഷിക്കുന്ന 50 ശതമാനം തുക അടച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഈ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീടൊരിക്കലും സഭയ്‌ക്ക്‌ നോട്ടീസ് നൽകാത്തത് കാരണം ആ വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പാത്രക്കുളം നികത്തിയത് തെറ്റാണെന്ന സർക്കാർ വാദവും കോടതി തള്ളി. കൊതുക് ശല്യം കാരണം മലീമസമായ പാത്രക്കുളം നികത്തണമെന്ന് 1969 ൽ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ ഉത്തരവിട്ടത് കോടതി തെളിവായി സ്വീകരിച്ചതോടെയാണ് സർക്കാരിന്റെ വാദം നിലനിൽക്കാതായത്. ചട്ടമ്പി സ്വാമികൾക്ക് സ്‌മാരകമന്ദിരം പണിയാൻ വിദ്യാധിരാജ സഭയ്‌ക്ക് നൽകിയ സർക്കാർ ഭൂമി പിന്നീട് അവർ വിദ്യാധിരാജ ട്രസ്റ്റിന് കൈമാറിയതിലും നിയമപ്രശ്‌നമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് രണ്ടാം തവണയാണ് തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത സർക്കാർ നടപടി കോടതി റദ്ദ് ചെയ്യുന്നത്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കെ.പി. രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്ന കാലത്തും മണ്ഡപം നിലനിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുത്തെങ്കിലും അതും കോടതി റദ്ദാക്കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് പരിശോധിച്ച ശേഷം എന്തുനടപടി സ്വീകരിക്കണമെന്ന് ആലോചിക്കുമെന്നും റവന്യു അധികൃതർ അറിയിച്ചു.