1

പാറശാല: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളകൗമുദി ബോധപൗർണമി,​ എറിച്ചല്ലൂർ ഫ്രണ്ട്സ് ലൈബ്രറി, വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷൻ, കാരോട് കൃഷിഭവൻ എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന കണിക്കൊന്ന ഗ്രാമം പദ്ധതിക്ക് ഫ്രണ്ട്സ് ലൈബ്രറി അങ്കണത്തിൽ തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി സംരക്ഷണസമിതി ജനറൽ സെക്രട്ടറി ഡോ. സി.വി. ജയകുമാർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഗോഡ്സിംഗ് അദ്ധ്യക്ഷനായ യോഗത്തിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് ജോൺ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷൻ ചെയർ വുമൺ ഡോ. മീര ആസ്‌മി പരിസ്ഥിതിദിന സന്ദേശം നൽകി. വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി അപർണ ആനന്ദ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളകൗമുദി സർക്കുലേഷൻ മാനേജർ അജു നാരായണൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെൻഡാർവിൻ, വാർഡ് മെമ്പർ അശ്വതി പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാർ എന്നിവർ സംസാരിച്ചു. വിശിഷ്ട വ്യക്തികളെ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ മെമന്റോ നൽകി അനുമോദിച്ചു.

ലൈബ്രറി സെക്രട്ടറി വി.പി. വിപിൻ സ്വാഗതവും കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി)​ കല എസ്.ഡി നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒറ്റപ്ലാവിള മുതൽ പനങ്കോട്ടുകുളം വരെയുള്ള ലൈബ്രറി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ കണിക്കൊന്ന തൈകൾ വച്ചുപിടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിലെ കുട്ടികളുടെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഫ്രണ്ട്സ് അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും വിതരണം ചെയ്‌തു.