sdpi

 10 പേർക്ക് പരിക്ക്

തിരുവനന്തപുരം: പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ മാർച്ചിൽ സംഘർഷം. അക്രമാസക്തരായ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറെ നാളിന് ശേഷം ദേവസ്വം ബോർഡ് ജംഗ്ഷൻ സംഘർഷഭരിതമായി. ഗതാഗതം സ്തംഭിച്ചു. കടകൾ അടച്ചിട്ടു. രാവിലെ 11 മണിയോടെ അട്ടക്കുളങ്ങരയിൽ നിന്ന് തുടങ്ങിയ മാർച്ചിനെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. ഫലമില്ലാതെ വന്നതോടെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. പിരിഞ്ഞുപോകാൻ തയ്യാറാകാതെ പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ സംഘങ്ങളായി കുത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് പിരിഞ്ഞുപോയത്.

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് സമരം ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡന്റ് നവാസ് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ അബ്ദുൽ റഷീദ്, ഖത്തീബ് ആൻഡ്‌ ഖാസി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, മൈനോറിറ്റി റൈറ്റ്സ് വാച്ച് ചെയർമാൻ എ.എം. നദ്വി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് നിസാർ ബാഖവി, പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ പ്രസിഡന്റ് റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.