രുചിയോർമ്മകൾ പങ്കുവച്ച് മുൻ ഗവർണറും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരൻ

അന്നം ഔഷധമാണ്. രുചി അൽപ്പം കുറവാണെങ്കിലും ഗുണമുളള ഭക്ഷണം കഴിക്കണം. കൃതൃമായി ആഹാരത്തിൽ ഒന്നും ചേർക്കരുത്. ഭക്ഷണം അടിസ്ഥാനപരമായി ആരോഗ്യം നിലനിറുത്താനുളളതാണ്. വിശപ്പ് മാറ്റാനുളളതല്ല. കുമ്മനമെന്ന ഗ്രാമത്തിൽ ഒരു പുഴയുടെ തീരത്താണ് എന്റെ വീട്. വീടിന് മുന്നിലൊരു മീൻ കണ്ടമുണ്ട്. രാവിലെ എഴുന്നേറ്റ് ഞങ്ങൾ മീൻകണ്ടത്തിൽ തീറ്റയിടും. തീറ്റ കണ്ട് ധാരാളം മത്സ്യങ്ങൾ പുഴയിൽ നിന്ന് മീൻകണ്ടത്തിലേക്ക് കയറിവരും. ഒരു സ്ഥലത്തിരുന്ന് ചരടുവലിച്ചാൽ കണ്ടത്തിന്റെ വാതിലിന്റെ പൂട്ട് വീഴും. അപ്പോൾ കൊട്ടയെടുത്ത് മീൻ കോരിയെടുക്കും. ആ ഫ്രഷ് മീനാണ് ഞങ്ങൾ ചോറിനൊപ്പം കഴിച്ചിരുന്നത്. ഒരു വർഷം മൂന്ന് തവണയെങ്കിലും നാട്ടിൽ വെളളപ്പൊക്കമുണ്ടാകും. വെളളപ്പൊക്കത്തിലും ഞാനും സുഹൃത്തുക്കളും മീൻ പിടിക്കാൻ മുൻപന്തിയിലുണ്ടാകും. മീൻ പിടിക്കുന്ന കൂട് സദാസമയവും സജ്ജമായിരിക്കും. എന്റെ പ്രകൃതം കൊണ്ടാകാം പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയപ്പോൾ എനിക്ക് മീൻ കിട്ടാതെയായി. ഞാൻ വെജിറ്റേറിയനാണെന്ന് കരുതിയാണ് ആളുകൾ മീൻ തരാതിരുന്നത്. ആർ.എസ്.എസ് കാര്യാലയത്തിലോ പ്രവർത്തകരുടെ വീടുകളിലോ ആകും ഞാൻ എപ്പോഴും താമസിക്കുക. കാര്യാലയങ്ങിലെല്ലാം വെജിറ്റേറിയൻ ആഹാരമാണ്. വീടുകളിൽ ചെല്ലുമ്പോൾ നോൺ വേണമോയെന്ന് എന്നോട് ആരും ചോദിച്ചിട്ടുമില്ല,തന്നിട്ടുമില്ല. ഞാൻ അവരോട് ചോദിച്ച് വാങ്ങിക്കാനും പോയിട്ടില്ല. മീനിനോടുളള കമ്പം അങ്ങനെ പതിയെ എന്റെയടുത്ത് നിന്ന് പോയി.
കേരളത്തിലുടനീളം യാത്ര ചെയ്യുമ്പോൾ ആഹാരം കഴിക്കുന്ന സമയത്ത് എവിടെയെത്തുമോ അവിടത്തെ മണ്ഡലം പ്രസിഡന്റിനെ വിളിക്കും. മണ്ഡലം പ്രസിഡന്റ് ബൂത്ത് പ്രസിഡന്റിനെ വിളിച്ച് ബൂത്തിലെ ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിൽ ആഹാരം ഏർപ്പാട് ചെയ്യും. ഞാൻ എത്തുന്ന സമയമാവുമ്പേഴുക്കും പ്രവർത്തകരെല്ലാം അവിടെ കൂടി നിൽക്കും. എനിക്ക് ഏതെങ്കിലും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാമായിരുന്നു. എന്നാൽ വീട്ടിൽ പോയൊരു ചായ കുടിക്കുമ്പോൾ പാർട്ടിക്ക് താഴെ തട്ടിൽ ചലനമുണ്ടാകും. അയൽക്കാരൊക്കെ ആ വീട്ടിൽ വരും. വീട്ടുകാർക്ക് സന്തോഷമാകും. ഈ ഭക്ഷണം തന്നെ വേണമെന്ന് ഞാൻ ആരോടും പറയാറില്ല. അവർ ഭക്ഷണം തരുന്നത് എനിക്ക് കിട്ടുന്ന ഔദാര്യമാണ്. ഭക്ഷണം എത്ര മോശമായലും അവർ സന്തോഷത്തോടെ തരുന്നത് അമൂല്യമാണ്. ആഹാരത്തിന് ബുദ്ധിമുട്ട് തോന്നിയപ്പോഴൊന്നും കല്യാണം കഴിക്കണമെന്ന ചിന്ത എനിക്കുണ്ടായിട്ടില്ല. സംഘത്തിൽ വന്നപ്പോൾ മുതൽ നമ്മുടെ കാര്യങ്ങൾ നോക്കാൻ ധാരാളം സുഹൃത്തുക്കളുണ്ട്.
അമ്മയുണ്ടാക്കി തരുന്ന ആഹാരത്തിന്റെ രുചി ഇന്നും എന്റെ മനസിൽ നിന്നും പോയിട്ടില്ല. അമ്മയുടെ സാമ്പാറും അവിയലും തോരുനുമെല്ലാം പ്രത്യേക രുചിയാണ്. അമ്മയുടെ സാമ്പാറിന്റെ രുചി പിന്നെ ഒരിടത്ത് നിന്നും കിട്ടിയിട്ടില്ല. അമ്മയുണ്ടാക്കി തന്നിരുന്ന സാമ്പാർ നിങ്ങളാരെങ്കിലും ഉണ്ടാക്കി തരുമോയെന്ന് ഞാൻ ഇന്നും എന്റെ പെങ്ങന്മാരോട് ചോദിക്കാറുണ്ട്. ഇഡ്ഢലിക്ക് സാമ്പാർ ഒഴിക്കുമ്പോൾ ഒരിക്കലും കുഴച്ച് കഴിക്കരുതെന്ന് അമ്മ പറയും. അങ്ങനെ ചെയ്‌താൽ അമ്മ വഴക്ക് പറയും. ഇഡ്ഢലി ഒടിച്ചെടുത്ത് സാമ്പാറിൽ മുക്കി മുക്കി കഴിക്കണമെന്നാണ് അമ്മ പറയാറുണ്ടായിരുന്നത്. അമ്മ എന്തേ അങ്ങനെ പറയുന്നതെന്ന് പിന്നീട് പല തവണ ആലോചിച്ചിട്ടുണ്ട്. കറിയുടെ ഉപയോഗം കുറയ്‌ക്കാനാണ് അമ്മ അങ്ങനെ പറയാറുണ്ടായിരുന്നതെന്ന് എനിക്ക് തോന്നി.
ഗവർണർ ആവശ്യപ്പെടുന്നത് ഏത് ആഹാരമാണോ അത് പാചകം ചെയ്‌ത് നൽകണമെന്നായിരുന്നു മിസോറാമിലെ നിയമം. പച്ചക്കറി വാങ്ങാനും പാചകം ചെയ്യാനും വിളമ്പാനുമൊക്കെയായി അവിടെ ഇരുപത് സ്റ്റാഫുണ്ടായിരുന്നു. അവർ എത്ര നല്ല രീതിയിലുണ്ടാക്കിയാലും അത് കേരളത്തിലുളളവർ ഉണ്ടാക്കുന്നത് പോലെയാകില്ല. യൂ ട്യൂബ് നോക്കിയാകും അവർ എനിക്ക് എല്ലാം ഉണ്ടാക്കിതരിക. അവസാനം അവരുടെ ആഹാരങ്ങളുമായി ഞാൻ ഇഴുകിചേരുകയായിരുന്നു. വെറുതെ എല്ലാ പച്ചക്കറികളും കൂടി വേവിച്ച് ഒരു സാധനം അവർ തരും. രുചിയൊന്നും കാര്യമായിട്ട് കാണില്ല. പക്ഷെ ആഹാരം പോഷകമൂല്യമുളളതായിരിക്കും. അവിടെ എല്ലാവരും നോൺവെജേ കഴിക്കൂ.