
ആറ്റിങ്ങൽ: കൂട്ടുകാരന്റെ അച്ഛന്റെ ജീവൻ നിലനിറുത്താൻ സ്വന്തം കരൾ പകുത്തു നൽകിയ ആറ്റിങ്ങലിലെ പഴയ പത്രപ്രവർത്തകൻ രഞ്ജു (44) രണ്ടു കൊല്ലത്തിലേറെയായി തീരാദുരിതത്തിൽ.സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ രഞ്ജു പക്ഷാഘാതം (സ്‌പൈനൽ സ്ട്രോക്ക് ) വന്നു കിടപ്പിലായി. ആ കിടപ്പു ഇന്നും തുടരുകയാണ്. തുടർ ചികിത്സയ്ക്ക് കാശില്ലാതെ വിഷമിക്കുകയാണ് ഇദ്ദേഹം. അവിവാഹിതനായ രഞ്ജു ഇപ്പോഴും ആശുപത്രിയിൽ തന്നെ. സഹോദരി രശ്മിയാണ് അന്നുമുതൽ രഞ്ജുവിനെ ശുശ്രൂഷിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന രശ്മി കടക്കാരിയായി മാറിക്കഴിഞ്ഞു. സ്വന്തം ആഭരണങ്ങൾ വിറ്റും പണിയെടുത്തും കടം വാങ്ങിയുമൊക്കെയാണ് രശ്മി ഇതുവരെ രഞ്ജുവിനെ ചികിത്സിക്കാൻ പണം കണ്ടെത്തിയത്. ഇതുവരെയുള്ള ചികിത്സയ്ക്കു തന്നെ 32 ലക്ഷത്തിലധികം രൂപ ചെലവായി.
പത്രപ്രവർത്തനം മതിയാക്കി ബഹ്റിനിൽ ജോലിക്കു പോയ രഞ്ജു ലീവിനു നാട്ടിൽ വന്നപ്പോഴാണ് കൂട്ടുകാരന്റെ പിതാവിന്റെ അസുഖം അറിയുന്നത്. അദ്ദേഹത്തിന് കരൾ മാറ്റിവച്ചില്ലെങ്കിൽ അപകടം സംഭവിക്കുമെന്നറിഞ്ഞു. സുഹൃത്തിന്റെ നിസ്സഹായാവസ്ഥയിൽ മനസ്സലിഞ്ഞ് രഞ്ജു കരൾ പകുത്തു നൽകാൻ തയ്യാറായി. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞതോടെ രഞ്ജു കിടപ്പിലായി. ആദ്യത്തെ ആശുപത്രി ബില്ല് സുഹൃത്ത് അടച്ചു. പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാതായി. ബന്ധുക്കൾ വീട് അന്വേഷിച്ചു ചെന്നപ്പോൾ അവർ വീടുമാറി പോയിരുന്നു. രഞ്ജുവിന്റെ ചികിത്സയ്ക്ക് ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് സഹോദരി രശ്മി. കരുണയുള്ളവരുടെ സഹായത്തിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് രശ്മി. അക്കൗണ്ട് നമ്പർ 0114053000109508, IFSC SIBL0000114. ഫോൺ: 7012189860.