തിരുവനന്തപുരം: ആർ.ഡി.ഒ കോടതി തൊണ്ടിമുറിയിൽ നിന്ന് സ്വർണവും പണവുമുൾപ്പെടെയുള്ള സാധനങ്ങൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണം വൈകുന്നു. റവന്യൂ മന്ത്രിയുടെ നിർദ്ദേശാനുസരണം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണത്തിന് ശുപാർശചെയ്ത് റവന്യൂ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഫയൽ കൈമാറിയെങ്കിലും അന്വേഷണം വിജിലൻസിന് നൽകി ആഭ്യന്തര വകുപ്പിൽ നിന്ന് ഉത്തരവുണ്ടാകാത്തതാണ് തടസം.

വിജിലൻസ് അന്വേഷണത്തിൽ അനിശ്ചിതത്വം തുടരവേ, കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആർ.ഡി.ഒ ഓഫീസിൽ തൊണ്ടി മുതലുകളുടെയും റെക്കോഡുകളുടെയും സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടുമാരുൾപ്പെടെ അര‌ഡസനിലധികം പേരെ ചോദ്യം ചെയ്ത പൊലീസ്, ചോദ്യം ചെയ്യേണ്ട രണ്ടുഡസനിലധികം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. കളവ് തെളിയിക്കാൻ സൈബർ സഹായമുൾപ്പെടെയുള്ള മറ്റ് അന്വേഷണ സാദ്ധ്യതകളും നടത്തിവരുന്നു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അജ്ഞാത മൃതദേഹങ്ങളിലും നിന്നും മറ്റും കണ്ടെത്തി കൈമാറിയ ആഭരണങ്ങളുടെ നിജസ്ഥിതി അറിയാനുള്ള അന്വേഷണം പൂർത്തിയായി.കാണാതായ ആഭരണങ്ങളുടെ തൂക്കവും ഇനവും സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തെളിവിനായി സ്വീകരിച്ചു. സാധനങ്ങൾ കാണാതായ കാലയളവിൽ ജോലിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ട്,​ ലോക്കറുകൾ എന്നിവയെപ്പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുന്നു. രണ്ടാഴ്ചയ്ക്കകം ചോദ്യംചെയ്യലും മൊഴിയെടുപ്പും പൂർത്തിയാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.