ks

തിരുവനന്തപുരം: സർക്കാർ 30 കോടി രൂപ അനുവദിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന് വഴിയൊരുങ്ങിയില്ല. ആനുകൂല്യങ്ങൾ ഒഴിവാക്കിയാൽ 82.5 കോടിയാണ് ശമ്പളത്തിന് വേണ്ടത്. ശേഷിക്കുന്ന തുക എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ച് മാനേജ്‌മെന്റിൽ ധാരണയായിട്ടില്ല.

സർക്കാരിനോട് 65 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ മുൻധാരണ പ്രകാരമുള്ള തുക മാത്രമാണ് സർക്കാർ നൽകിയത്. നിലവിലെ സാഹചര്യത്തിൽ വായ്പ ലഭിക്കില്ല. കഴിഞ്ഞ മാസത്തെ ശമ്പളത്തിന് എടുത്ത 46 കോടിയുടെ ഓവർഡ്രാഫ്റ്റ് തിരിച്ചടച്ചിട്ടില്ല. അതിനാൽ ഓവർഡ്രാഫ്റ്റിലൂടെയും ശമ്പളം നൽകാൻ കഴിയില്ല. കഴിഞ്ഞ മാസം 20ന് ശേഷമാണ് ശമ്പളം നൽകിയത്.

അതേസമയം, ശമ്പള മുടക്കത്തിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ അനിശ്ചിതകാല സത്യഗ്രഹം ചീഫ് ഓഫീസിന് മുന്നിൽ ആരംഭിച്ചു. ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയൻ കൂട്ടായ്മയായ ടി.ഡി.എഫ്, സി.ഐ.ടി.യു എന്നിവരാണ് പ്രത്യേകം സമരപ്പന്തൽ കെട്ടി സത്യഗ്രഹം തുടങ്ങിയത്. ബി.എം.എസ് ഇന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങും. എ.ഐ.ടി.യു.സിയുടെ ബഹുജന കൺവെഷൻ ഇന്ന് വൈകിട്ട് നാലിന് ടി.വി സ്മാരക ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.