ll

വർക്കല :ആട് മോഷണം നടത്തുന്ന ആറംഗ സംഘത്തിലെ 4 പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോട്ടുമൂല തൊട്ടിപ്പാലം കനാൽ പുറമ്പോക്ക് വീട്ടിൽ സൈനുദ്ദീൻ (37), ചെറുകുന്നം ചരുവിൽ പുത്തൻ വീട്ടിൽ സാദത്ത് (40), ചിലക്കൂർ കനാൽ പുറമ്പോക്ക് വീട്ടിൽ സിദ്ധിക്ക് (29),നാവായിക്കുളം നൈനാൻകോണം ഷമീർ മൻസിലിൽ ഷമീം (24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെക്കൂടി ഇനി കിട്ടാനുണ്ട്.

വർക്കലയിലെ ചിലക്കൂർ, രാമന്തളി, താഴെ വെട്ടൂർ, കോട്ടുമൂല, പണയിൽ പ്രദേശങ്ങളിൽ ആട് മോഷണം പതിവായിരുന്നു .വർക്കലയുടെ വിവിധ പ്രദേശങ്ങളിൽ മോഷ്ടിച്ച ഔട്ടോറിക്ഷയിൽ ഇവർ ചുറ്റുകയും ആടുകളെ വിദഗ്ദ്ധമായി മോഷ്ടിച്ചു കടന്നുകളയുകയുമാണ് പതിവ്. ഷമീം, കല്ലമ്പലം നാവായിക്കുളത്ത് ഒരു വീട് വാടകയ്ക്ക് എടുക്കുകയും മോഷ്ടിക്കപ്പെട്ട ആടുകളെ ഇവിടെ എത്തിക്കുകയും ചെയ്തശേഷം അറവ്ശാലകളിലും ചില്ലറ മാംസവ്യാപാരികൾക്കും വിൽക്കുകയാണ് ചെയ്യുന്നത്. വിൽപ്പന നടത്തി കിട്ടുന്ന പണം മദ്യത്തിനും ആഡംബര ജീവിതത്തിനുമായി ചെലവാക്കുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട നിരവധി ആടുകളെ പൊലീസ് കണ്ടെത്തുകയും പരാതിക്കാരായ ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.