a

തീരുമാനം തുടർചർച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: സ്മാർട്ട് സിറ്റി കരാർ കമ്പനിക്ക് പുതുക്കി നൽകേണ്ടെന്ന നിലപാടിൽ സർക്കാർ.സ്മാർട്ട് സിറ്റിയുടെ സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ കരാർ കഴിഞ്ഞ 31ന് അവസാനിച്ച സാഹചര്യത്തിലാണ് ആ കമ്പനിക്കു തന്നെ അത് നൽകേണ്ടയെന്ന നിലപാടെടുത്തത്.

സ‌ർക്കാരിന്റെയും നഗരസഭയുടെയും മുഖച്ഛായയ്ക്കു തന്നെ മങ്ങലേൽപ്പിച്ച സംഭവമാണ് തലസ്ഥാനത്തെ സ്മാർട്ട് റോഡ് നിർമ്മാണം. അന്ന് മുതലേ കമ്പനിയോടുള്ള അതൃപ്തി പ്രത്യക്ഷത്തിൽ നഗരസഭയും മന്ത്രിമാരും പ്രകടമാക്കിയിരുന്നു.നഗരസഭയ്ക്ക് ഈ കമ്പനിയെ വച്ച് ജോലികൾ നടത്തി പഴികേൾക്കാൻ ഇനിയും താല്പപര്യമില്ല.

അവരുടെ നിലപാടും മന്ത്രിതലത്തിൽ തന്നെ അറിയിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയെയും ഇക്കാര്യം ധരിപ്പിക്കും.

നഗരസഭ റോഡുകളിലെ സ്മാർട്ട് റോഡ് പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്ത കരാർ നീട്ടി നൽകണമെന്ന് സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.നിലവിൽ തിരുവനന്തപുരത്തുള്ള തോപ്പിൽ കൺസ്ട്രക്ഷൻസിനാണ് റോഡിലെ കുഴികൾ മൂടാനും മറ്റു ജോലികൾക്കും സബ് കോൺട്രാക്ട് നൽകിയിരിക്കുന്നത്.

സമയബന്ധിതമായി ജോലികൾ ചെയ്യുന്നതു മൂലം അവ‌ർക്ക് തന്നെ റോഡ് പണികളുടെ കരാർ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഫോർട്ട് വാർഡിലെ പദ്മാനഗർ കോളനിയിലെ രണ്ടുറോഡുകളിലും താലൂക്ക് ഓഫീസ് റോഡിലെ അഗ്രഹാരത്തെരുവുകളിലെ നാല് റോഡുകളിലും ജോലികൾ പാതിവഴിയിലാണ്.നവിള ആനിമസ്‌ക്രീൻ സ്‌ക്വയർ റോഡ് (കലാഭവൻ മണി റോഡ്), ബേക്കറി ഫോറസ്റ്റ് ഓഫീസ് റോഡ്, സ്‌പെൻസർ ജംഗ്ഷൻ എ.കെ.ജി റോഡ്, മാനവീയം റോഡ്, സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ്, കൈതമുക്ക്, വഴുതക്കാട് എന്നിവിടങ്ങളിലാണ് ജോലികൾ നടക്കുന്നത്.

ഉത്തരേന്ത്യൻ കമ്പനിയായ എൻ.എ കൺസ്ട്രക്ഷൻസാണ് പി.ഡബ്ളിയു.ഡി - കെ.ആർ.എഫ്.ബി റോഡുകൾ കരാറെടുത്തിരിക്കുന്നത്. എൻ.എ.സി ലാൻഡ് മാർക്ക് വിക്ടറി വൺ, ആർ.ക മദനി, ജെ.കെ ഇൻഫ്ര എന്നീ കമ്പനികളാണ് കോർപ്പറേഷൻ റോഡുകൾ കരാറെടുത്തിരിക്കുന്നത്.

പ്രധാന വെല്ലുവിളി സിവറേജ് നിർമ്മാണം

സ്മാർട്ട് റോഡിന്റെ പ്രധാന വെല്ലുവിളിയായി പറയുന്നത് സിവറേജ് നിർമ്മാണമാണ്. സിവറേജ് ലൈനിന്റെ ജോലികൾ ജലസേചന വകുപ്പ് വൈകിപ്പിച്ചതാണ് സ്മാർട്ട് റോഡ് നിർമ്മാണത്തിന് കാലതാമസം നേരിട്ടതെന്നാണ് ആക്ഷേപം.റോഡിന്റെ നടുഭാഗത്താണ് സിവറേ‌ജ് ലൈൻ പുതുതായി സ്ഥാപിക്കേണ്ടത്.ഈ ജോലികൾ പൂർത്തിയായലേ ഇവിടങ്ങളിൽ സ്മാർട്ട് റോഡ് നിർമ്മാണം നടത്താൻ സാധിക്കൂ.

സ്മാർട്ട് റോഡിനായി റോഡിന്റെ ഒരു വശം കുഴിച്ചിട്ട് ജലസേചന വകുപ്പിന്റെ സിവറേജ് നിർമ്മാണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് സ്മാർട്ട് സിറ്റി അധികൃതർക്ക്. ഇതുകാരണം ജോലികൾ ചെയ്യുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് കരാർ കമ്പനിയുടെ ആരോപണം.