തിരുവനന്തപുരം:ചലച്ചിത്രകാരനാണെങ്കിലും കഥകളിയാണ് ലോകത്തെ ശ്രേഷ്ഠകലയെന്ന് അടൂർ ഗോപാലകൃഷ്ണൻ.ദൃശ്യവേദിയുടെ കനകജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൃശ്യവേദിക്കും തന്റെ ആദ്യചിത്രമായ സ്വയംവരത്തിനും 50 വയസായെന്നും അടൂർ ഓർമ്മിച്ചു. മനസിലാക്കാനുള്ള പ്രയാസമാണ് കഥകളിയെ പൊതുസമൂഹത്തിൽ നിന്ന് അകറ്റുന്നത്.സാധാരണക്കാരന് അറിയാൻ കഥകളിക്ക് സാങ്കേതികവിദ്യയുടെ സഹായം തേടാം.കഥ വിവരിക്കുന്ന ഉപശീർഷകങ്ങൾ വേദിക്ക് തടസമാകാതെ പ്രദർശിപ്പിക്കണം.വിദേശത്ത് കൂടിയാട്ടത്തിന്റെ ഇത്തരത്തിലുള്ള അവതരണത്തിന് വരവേൽപ്പുണ്ട്.വേഷം,മേളം,ശൈലീഭേദം എന്നിവ കൊണ്ട് ആസ്വാദകമനസിനെ കീഴടക്കുന്ന കഥകളിയോടുള്ള ആഭിമുഖ്യം വളർത്താൻ മലയാളികൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദൃശ്യവേദിയിലൂടെയാണ് കഥകളിയുമായി അടുത്തതെന്നും. അദ്ദേഹം പറഞ്ഞു. 50 കൊല്ലം ദൃശ്യവേദിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന നവതിയിലെത്തിയ പണ്ഡിതൻ പ്രൊഫ.സി.ജി.രാജഗോപാലിനെ വേദിയിൽ അടൂർ ആദരിച്ചു.ഡോ.പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.ദൃശ്യവേദി സെക്രട്ടറി എസ്.ശ്രീനിവാസൻ, പ്രൊഫ. സി.ജി.രാജഗോപാൽ എന്നിവർ സംസാരിച്ചു. ദീർഘകാലം ദൃശ്യവേദിയുടെ ട്രഷറായി പ്രവർത്തിച്ച സി.ആർ.ഹരിയുടെ അനുസ്മരണവും നടന്നു.