തിരുവനന്തപുരം:നാളെ അർദ്ധരാത്രി മുതൽ നിലവിൽ വരുന്ന മൺസൂൺ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജൂലായ് 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. മത്സ്യബന്ധന വകുപ്പിന്റെ 24 മണിക്കൂറുമുള്ള കൺട്രോൾ റൂം തുറന്നു. വിഴിഞ്ഞം കേന്ദ്രമായി പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ: 04712480335. ട്രോളിംഗ് നിരോധന വേളയിൽ കടലിലെ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകൾ കൂടി വാടകയ്ക്കെടുത്തു.കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പുവരുത്തി. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കരയിൽ അടുപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം,മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ രക്ഷാദൗത്യത്തിനായി സജ്ജമാക്കും. തീരപ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള തെരുവുവിളക്ക് സംവിധാനം പ്രവർത്തനക്ഷമമാക്കും.ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി തീരപ്രദേശത്തെ ശുചീകരണം പൂർത്തിയാക്കും. പൊതു ടോയ്ലെറ്റുകൾ വൃത്തിയുള്ളതും പ്രവർത്തനയോഗ്യവുമാണെന്ന് ഉറപ്പുവരുത്തും.ആവശ്യമെങ്കിൽ ഇ ടോയ്ലെറ്റുകൾ സ്ഥാപിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കൗൺസിലർ പനിഅടിമ,ഡെപ്യൂട്ടി കളക്ടർ ടി.കെ. വിനീത്, പൊലീസ്, തീരസംരക്ഷണ സേന, തുറമുഖ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.