നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ രണ്ടു കോളനികളെ കൂടി അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി. നഗരസഭയിലെ ആര്യശാല മുകളിൽവിള കോളനി, കുളത്തൂർ പഞ്ചായത്തിലെ ഉള്ളൂർകോണം എന്നിവയെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. നവീകരണത്തിനായി 1 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. നിർമാണച്ചുമതല അതത് ജില്ലാ നിർമിതി കേന്ദ്രങ്ങൾക്കാണെന്നും കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.
നേരത്തെ ചെങ്കൽ പഞ്ചായത്തിലെ ആറയൂർ മച്ചിങ്ങവിളാകം കോളനിയെ പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. വീടുകളുടെ പുനരുദ്ധാരണം, കുടിവെള്ളവും വൈദ്യുതിയും എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ, ഇടവഴികളുടെ കോൺക്രീറ്റിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ. ഒരു കോടി രൂപ ചെലവിൽ ഭാസ്കർ നഗർ, പൂഴിക്കുന്ന് പട്ടികജാതി കോളനികളെയും 50 ലക്ഷം രൂപ ചെലവിൽ കാരോട് വെട്ടുവിള കോളനിയുടെയും നവീകരണവും അംബേദ്കർ ഗ്രാമ പദ്ധതിയിൽ നടപ്പിലാക്കിയിരുന്നു.