മുടപുരം: അച്ഛനും മകളും സഞ്ചരിച്ച ഇരുചക്രവാഹനം കാർ ഇടിച്ച് തെറിപ്പിച്ചു. പിതാവിനും മകൾക്കും ഗുരുതര പരിക്ക്. ചിറയിൻകീഴ് മുടപുരം ശിവകൃഷ്ണപുരം ടി.പി നിലയത്തിൽ ദിലീപ് (61), മകൾ ദേവു ദിലീപ് (25) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് 6ഓടെ ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിലായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് ശിവകൃഷ്ണപുരത്തേക്ക് വരികയായിരുന്ന ദിലീപും മകളും സഞ്ചരിച്ച ഇരുചക്രവാഹനം ജംഗ്ഷന് സമീപത്തെ ഹമ്പിൽ കയറിയിറങ്ങവേ തൊട്ടുപിന്നാലെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ ദിലീപിന്റെ ഇരുകാലുകളിലൂടെയും കാറിന്റെ മുൻ ചക്രം കയറിയിറങ്ങി. ദിലീപിന്റെ കൈയിൽ ചക്രം കയറിയാണ് വാഹനം നിന്നത്. വാഹനത്തിന്റെ പിൻ സീറ്റിൽ ഇരുന്ന ദേവുവിന് ഇടിയുടെ ആഘാതത്തിൽ കാലിന് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ ദിലീപിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പരിക്കേറ്റ ദിലീപ് റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. എസ്.എൻ.ഡി.പി യോഗം ശിവകൃഷ്ണപുരം ശാഖ സെക്രട്ടറിയും ശിവകൃഷ്ണ ക്ഷേത്രം ട്രസ്റ്റ് കൺവീനറുമാണ്. ചിറയിൻകീഴ് സ്വദേശിയായ കാർ ഉടമയ്‌ക്കെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തു.