
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല പ്രാധാന്യമെന്ന നിലപാട് ഹൈക്കോടതിയിൽ സ്വീകരിച്ച മാനേജ്‌മെന്റിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുൻമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു.ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിനുമുമ്പിൽ നടക്കുന്ന രണ്ടാം ദിവസത്തെ സത്യഗ്രഹസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് കൊണ്ടുവരിക എന്നതിനാണ് പ്രാധാന്യമെന്ന മാനേജ്‌മെന്റിന്റെ നിലപാടിന് തൊഴിലാളികൾ എതിരല്ല. എന്നാൽ തൊഴിലാളികൾ ആത്മാർത്ഥമായി ജോലിചെയ്താൽ മാത്രമേ ലാഭത്തിലെത്തിക്കാൻ കഴിയുകയുള്ളൂ.ഇത് മനസിലാക്കാത്ത സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും സമീപനമാണ് കെ.എസ്.ആർ.ടി.സി ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും വി.എസ്.ശിവകുമാർ പറഞ്ഞു. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ശശിധരൻ,ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ടി. സോണി എന്നിവർ സംസാരിച്ചു.